കൊച്ചി: മലയാള പത്രങ്ങളില്‍ ജെയിൻ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പത്രങ്ങൾക്ക് പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങൾക്കാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന കേസിലാണ് നടപടി. സംഭവത്തിൽ 14 ദിവസത്തിനുള്ളിൽ പത്രങ്ങൾ രേഖാമൂലം മറുപടി നൽകണം.
2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രത്തില്‍ കൊച്ചി ജെയിന് ഡീംഡ് ടു-ബി യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. 2050ല്‍ പത്രങ്ങളുടെ മുന്‍ പേജ് എങ്ങനെ ആയിരിക്കും എന്ന ഭാവനയാണ് പേജിൽ നിറഞ്ഞുനിന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിൽ അടക്കം വ്യാപകമായ വിമര്‍ശനങ്ങൾക്ക് വഴിവെച്ചിരുന്നു.