കോട്ടയം: പ്രമാദമായ ജസ്ന തിരോധാനക്കേസില്‍ സി.ബി .ഐ മുണ്ടക്കയത്തെ ഹോട്ടല്‍ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി.പറയാനുള്ളതെല്ലാം സി.ബി.ഐ ഓട് പറഞ്ഞിട്ടുണ്ടെന്നും,വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും ജീവനക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നായിരുന്നു മുന്‍ ജീവനക്കാരി ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയത്. അന്ന് ഒരു യുവാവ് ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് ജെസ്നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം.
ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ. സംഘം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം മുണ്ടക്കയത്ത് എത്തിയ സി.ബി.ഐ. സംഘം ലോഡ്ജുടമയില്നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ലോഡ്ജിലും പരിശോധന നടത്തി. ഇതിനുശേഷമാണ് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരിയില്‍നിന്നും മൊഴിരേഖപ്പെടുത്തിയത്