ജൂഡോ മത്സരങ്ങൾ നിയന്ത്രിക്കാൻ ഇന്ന് തലസ്ഥാനത്തുനിന്ന് ഒരു മലയാളി വീട്ടമ്മ. കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി റെക്കോർഡാണ് പന്തളം കുരമ്പാല സ്വദേശി ജയശ്രീ (42) സ്വന്തമാക്കിയത്. ജീവിതത്തിലെ വെല്ലുവിളികളെ കീഴടക്കിയ അതെ ആവേശത്തിലാണ് അങ്കത്തട്ടിലും ജയശ്രീ മുന്നേറിയത്. ചെറുപ്പം മുതലേ ജയശ്രീ ജൂഡോ അഭ്യസിക്കാൻ തുടങ്ങി. സ്കൂൾ തലത്തിലും കോളേജ് തലത്തിലും മത്സരത്തിൽ പങ്കെടുത്ത് അനായാസം വിജയിച്ചുകയറി.
പതിനൊന്നാം വയസിൽ തുടങ്ങിയതാണ് ജയശ്രീയ്ക്ക് ജൂഡോ പ്രിയം. പലരും എതിർത്തപ്പോൾ പിന്നോട്ടില്ലെന്നുറപ്പിച്ച് ഒടുവിൽ ആശിച്ച നേട്ടം കൈപ്പിടിയിലൊതുക്കി. കേരളത്തില്‍ നിന്നും ദേശീയ തലത്തില്‍ ജൂഡോയ്ക്കു ഒരു വനിത റഫറി ഇല്ല, ആ ഒരു കുറവ് പരിഹരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. സെക്കൻഡ് ബ്ലാക്ക് ബെൽറ്റ് എടുത്തതിനു ശേഷം നാഷനൽ ഡിപ്ലോമ ഇന്‍ ഓഫീഷെക്ടിങ് (NDIO) എക്സാം വിജയിച്ച് കേരളത്തിലെ ആദ്യത്തെ ദേശീയ വനിതാ റഫറിയായി.
പൊതുവെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കല്ല്യണം കഴിഞ്ഞും കുട്ടികൾ ആയി കഴിഞ്ഞും ഒന്നും ആവാൻ പറ്റില്ലായെന്ന തോന്നൽ മാറ്റികൊടുക്കണം എന്നായിരുന്നു ജയശ്രീയുടെ ചിന്ത. മകള്‍ പത്താം ക്ലാസ്സ് എത്തിയതോടെ ജയശ്രീ വീണ്ടും ജൂഡോ രംഗത്തേക്ക് തിരിച്ചു വന്നു. മക്കളുടെ പഠിത്തത്തെ യാതൊരു രീതിയിലും ബാധിക്കാത്ത രീതിയില്‍ അവര്‍ക്കുള്ള ശിക്ഷണം കൊടുത്ത്കൊണ്ട് തന്നെ ജൂഡോയിൽ മൂന്ന് ബ്ലാക്ക് ബെൽറ്റെടുക്കുന്ന ഏക വനിതയായി ജയശ്രീ.
കേരളത്തിൽ നടന്ന സൗത്ത് സോൺ നാഷണലിൽ ആദ്യ സ്വർണം നേടാൻ സാധിച്ചു. പിന്നീട് നടന്ന സൗത്ത് സോൺ നാഷണൽസിലും സ്വർണം കാരസ്ഥാമാക്കി. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രതിരോധ കലയോട് തോന്നിയ ആഗ്രഹവും ആവേശവുമാണ് തന്നെ ജൂഡോയിലേക്ക് ആകർഷിച്ചത്. ആലപ്പുഴ സ്വദേശി എസ് പ്രകാശായിരുന്നു ഗുരു. ഉത്തരാഖണ്ഡ്ഡിൽ നടന്ന ഇന്ത്യയുടെ ഒളിമ്പിക്സ് എന്ന് അറിയപ്പെടുന്ന ദേശിയ ഗെയിംസില്‍ കേരളത്തിലെ ആദ്യ വനിതാ റഫറിയായി എന്നുള്ള ഖ്യാതിയും ജയശ്രീയ്ക്കു സ്വന്തം.
പന്തളം കോളജിൽ എൻസിസി അംഗമായിരിക്കെ ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുള്ള കാഞ്ചൻജംഗ പർവത്തിനു മുകളിൽ കയറാനും ഹിമാലയ മൗണ്ടനിയറിങ് ഇൻസ്റ്റിറ്റ്യൂട്ട് പരിശീലനം നേടാനും സാധിച്ചു. വിവാഹത്തിനുശേഷം ഭർത്താവ് ആർമി ഓഫീസർ ജയശങ്കർ ചൗധരിയുടെ പ്രോത്സാഹനം കൂട്ടുചേർന്നപ്പോൾ ജൂഡോയിൽ ചുവടുറപ്പിച്ചു. ഖേലോ ഇന്ത്യ ദേശിയ ജൂനിയർ ഗെയിംസ് ദേശിയ കേഡറ്റ് ചാംപ്യൻഷിപ് തുടങ്ങിയവയിൽ റഫറിയായി.
ഉത്തരാഖണ്ഡിലെ ദേശിയ ഗെയിംസിൽ ജൂഡോ ഫൈനൽ മത്സരത്തിൽ മുഖ്യ റഫറിമാരിലൊരായി ഇടംപിടിച്ചു. ജയശ്രീയിപ്പോൾ വൃന്ദാവൻജൂഡോ അക്കാദമിയിൽ ഭാവി ജൂഡോ താരങ്ങൾക് പരിശീലനം നൽകുകയാണ്. പന്തളം കുരമ്പാല ഉത്രത്തിൽ ജനാർദ്ദനന് പിള്ളയുടെയും ജയദേവിയമ്മയുടെയും മകളാണ് ജയശ്രീ. തിരുവനന്തപുരം തിരുമലയിലാണ് ഇപ്പോൾ താമസം. അഞ്ചു തവണ പരോജമ്പിങ് നടത്തി, ബെസ്റ്റ് കേഡറ്റാകാനും സ്നാപ്പ് ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടാനും സാധിച്ചു.
കേരളടീമിന്റേയും കേരളം സർവകലാശാല ടീമിന്റെയും യുവജനക്ഷേമ ബോർഡിന്റെയും പത്തനംതിട്ട ജില്ലയിലെയും പരിശീലകയായിരുന്നു. ജൂഡോ നാഷനൽ താരമായ മകള്‍ ജയപ്രിയ ആന്ധ്ര മെഡിക്കല്‍ കോളജ് ആദ്യ വര്‍ഷം MBBS വിദ്യാര്‍ഥിനി ആണ്. ജൂഡോ സ്റ്റേറ്റ് കളിക്കാരന് മകന് ജയകൃഷ്ണ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂള്‍ 12 ക്ലാസ്സ് വിദ്യാര്‍ഥിയും ആണ്. രണ്ടു മക്കളും ജൂഡോ താരങ്ങള്‍ ആണ്.