വാഷിംഗ്ടൺ: യു എസിലെ ഫെഡറൽ സർക്കാരിന്റെ ആവശ്യപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. വധശിക്ഷയെ അനുകൂലിക്കുന്ന ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് ബൈഡന്റെ പ്രഖ്യാപനം. രണ്ടാഴ്ച മുൻപ് 1500 പേർക്ക് ജയിൽ ശിക്ഷയിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് ഈ തീരുമാനം.
2021 ജനുവരി 20ന് അധികാരത്തിലെത്തിയ ജോ ബൈഡൻ സർക്കാർ ആ വർഷം തന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. ബൈഡൻ സർക്കാറിന്റെ കാലത്ത് വധശിക്ഷകളൊന്നും നടപ്പിലാക്കിയില്ല. എന്നാൽ മനുഷ്യകടത്തുകാർക്കും മയക്കുമരുന്ന് കച്ചവടക്കാർക്കും വധശിക്ഷ നൽകുമെന്ന് ഇത്തവണത്തെ പ്രചരണവേളയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.