നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കള് എന്ന സിനിമയാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട വിവാദങ്ങളിൽ ഒന്ന്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. നാരായണീയുടെ മൂന്ന് ആൺമക്കളും മൂന്ന് തരത്തിലാണ് തങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മൂന്ന് ആണ്മക്കളില് മനസില്‍ ഏറ്റവും അധികം പതിഞ്ഞത് ജോജു അവതരിപ്പിച്ച സേതു എന്ന കഥാപാത്രമാണ്. സഹോദരങ്ങൾക്കിടയിൽ എന്തെങ്കിലും മൂല്യങ്ങൾ ഉണ്ടെങ്കിൽ ഉള്ളത് അയാൾക്കാണെന്ന് നമുക്ക് തോന്നും. മറ്റുള്ളവരുടെ ഉള്ളിലെ ചിന്തകള്‍ എങ്ങനെയാണെന്ന് മനസിലാക്കാന്‍ ഒരുപാട് സമയം വേണ്ടി വരുമെങ്കിലും സേതു എങ്ങനെയുള്ള ആളാണെന്ന് എളുപ്പം മനസിലാക്കാൻ നമുക്ക് കഴിയും. സിനിമയിൽ അഭിനയിച്ച മുഴുവൻ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിൽ തർക്കമില്ല.
അപ്പോഴും മനസ്സിനെ വല്ലാതെ അലട്ടുന്ന ചില സന്ദർഭങ്ങളും ഈ സിനിമയിലുണ്ട്. അത് സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധമാണ്. കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് സംവിധായകൻ നൽകിയ അഭിമുഖത്തിൽ ചില വാദങ്ങൾ ഉയർത്തി ആ രംഗങ്ങളെ ന്യായീകരിക്കുന്നതായി കണ്ടു. ആ സഹോദരങ്ങൾ ചെറുപ്പത്തിൽ എവിടെയും കണ്ടുമുട്ടുന്നില്ലെന്നും പക്വതയെത്തിയ ശേഷമാണ് ഇരുവരും കാണുന്നതും സൗഹൃദത്തിൽ ആകുന്നതും അവർക്കിടയിൽ ലൈംഗിക ബന്ധം ഉൾപ്പെടെയുള്ളവ സംഭവിക്കുന്നതെന്നും സംവിധായകൻ പറയുകയുണ്ടായി. ആതിര, നിഖിൽ എന്നീ രണ്ടു കുട്ടികളുടെ ബന്ധത്തെപ്പറ്റി പറയുമ്പോൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത് സമൂഹത്തിൽ ഏതുതരം സന്ദേശമാണ് നൽകുകയെന്നത് സിനിമയുടെ പിന്നണിയുള്ളവർ ചിന്തിക്കേണ്ടതായിരുന്നു. തന്റെ ചിത്രത്തിലൂടെ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുകയല്ല ഉദ്ദേശമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കുന്നുണ്ട്.
അതുതന്നെയാണ് പ്രമേയം ഉയർത്തി അതിലുള്ള ആശങ്കയും പങ്കുവെക്കുന്നത്. ലഹരി ഉപയോഗവും അതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും വ്യാപകമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനിടയിൽ രക്ത ബന്ധങ്ങൾക്കിടയിലെ ലൈംഗികബന്ധവും മറ്റും പ്രമേയമായി ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ സമൂഹത്തിൽ അത് അശുഭകരമായ തലങ്ങളാകും പങ്കുവെക്കപ്പെടുക. സഹോദര ബന്ധത്തിന് വളരെയധികം മൂല്യം നൽകപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സഹോദരങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധം നമ്മുടെ നാട്ടിലുണ്ട്. എത്രയോ കാലങ്ങളായി തുടരുന്ന മൂല്യങ്ങൾ ഏറെയുള്ള സഹോദര ബന്ധത്തിന്റെ പവിത്രതയെ റദ്ദ് ചെയ്തു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. സംവിധായകൻ രംഗങ്ങളെ ന്യായീകരിച്ചു മുന്നോട്ടുവരുമ്പോഴും അത് വലിയ അപകടം വരുത്തിവെക്കുന്ന പ്രമേയമാണെന്ന് പറയേണ്ടി വരുന്നത് സഹോദര ബന്ധം ഇവിടെ അത്രമേൽ പവിത്രമായതുകൊണ്ടാണ്.
ഇപ്പോൾ തന്നെ സമൂഹത്തിൽ ആഴത്തിലുള്ള ലഹരി ഉപയോഗത്തിനും വയലൻസിനും വഴിയൊരുക്കിയതിൽ സിനിമകളുടെ സാന്നിധ്യം നമുക്ക് അറിയാവുന്നതാണ്. ചിത്രത്തിൽ വസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കപ്പെടുന്ന രംഗങ്ങളും ഉണ്ട്. ശരിക്കും ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് എന്തിനടിസ്ഥാനത്തിലാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. സുരാജ് വെഞ്ഞാറമൂടിനെ പോലെയുള്ള താരങ്ങൾ ഇത്തരമൊരു പ്രമേയം ചർച്ച ചെയ്യപ്പെടുന്ന സിനിമയിൽ അഭിനയിക്കുവാൻ സന്നദ്ധത അറിയിക്കുമ്പോൾ പലയാവർത്തി ചിന്തിക്കേണ്ടിയിരുന്നു. ബന്ധങ്ങളെയും അതിന്റെ ആഴത്തെയും അത്രമേൽ നിഷ്കളങ്കമായി ചിന്തിക്കുന്ന ഒരു സമൂഹത്തിൽ നിന്നുകൊണ്ട് ഇത്തരമൊരു വൈകൃതരീതിയിൽ അതിനെ വഴിമാറ്റുമ്പോൾ പൊതുസമൂഹത്തോട് ചെയ്യുന്ന പ്രവർത്തിയുടെ ശരിതെറ്റുകളിൽ അഭിനേതാക്കൾക്കും ഉത്തരവാദിത്തമുണ്ട്.
ജോജുവിന്റെ തന്നെ പല ചിത്രങ്ങളും വിവാദമായിട്ടുണ്ട്. ചിത്രങ്ങൾ മാത്രമല്ല സിനിമയ്ക്ക് പുറത്തേക്ക് ജോജു നടത്തിയ പല സമീപനങ്ങളും വലിയ വിവാദങ്ങൾ തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. തന്റെ ‘പണി’ എന്ന സിനിമയെ വിമർശിച്ചു കൊണ്ടുള്ള റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ജോജു ഭീഷണിപ്പെടുത്തിയിരുന്നു. ജോജുവും യുവാവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായതോടെ താരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത്. കുറച്ചു നാളുകൾക്ക് മുൻപ് കോൺഗ്രസ് നടത്തിയ സമരത്തിലേക്ക് ഇടിച്ചുകയറി ജോജു പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കൊച്ചിയിലെ റോഡ് ഉപരോധത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വൈറ്റില ദേശീയ പാതയിലായിരുന്നു സമരം. മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വന്നപ്പോൾ ജോജു സംഘാടകരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും ജോജുവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പ്രവർത്തകർ കാർ തല്ലിത്തകർക്കുകയുമായിരുന്നു. സംഭവത്തിൽ ജോജുവിന്റെ കൈയ്ക്കും പരിക്ക് പറ്റിയിരുന്നു.
അന്ന് ഉണ്ടായ വിവാദങ്ങളെ തുടർന്ന് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പോലും ജോജു ഉപേക്ഷിച്ചിരുന്നു. ജോജുവിന്റെ തന്നെ ചുരുളി എന്ന ചിത്രത്തിലെ അസഭ്യം നിറഞ്ഞ ഡയലോഗുകൾ ഈ നാട്ടിലെ കുട്ടികൾപോലും വ്യാപകമായി ഉപയോഗിക്കുന്നു. ഈ അടുത്ത് ഇറങ്ങിയ മാർക്കോയും ഏതു തലത്തിൽ നിന്നുകൊണ്ടാണ് പ്രേക്ഷകരെ സ്വാധീനിച്ചതെന്നും നമുക്കറിയാം. ആരുടെയെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയല്ല. മറിച്ച് ഇത്തരം പ്രമേയങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുവാൻ ഇടയുള്ള അനന്തരഫലങ്ങളെ ഓർമപ്പെടുത്തുകയാണ്.