കൊച്ചി: പാലായിലെ ജനകീയകോടതിയില്‍ ദയനീയമായി പരാജയപ്പെട്ട ജോസ് കെ മാണി തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്ന് മാണി സി കാപ്പന് എം എല്‍ എ ആരോപിച്ചു. പാലായിലെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്തുകൊണ്ടു നല്കിയ കേസ് ഹൈക്കോടതി തള്ളിയ വിധിയില്‍ പ്രതികരിക്കുകയായിരുന്നു എം എല്‍ എ. സി വി ജോണ്‍ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ അന്യായമാണ് ഹൈക്കോടതി തള്ളിയത്.
ഇതേ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി വി ജോണാണ് കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന് കാപ്പന് മത്സരിച്ചിരുന്നു.
1951ലെ ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) സെക്ഷന്‍ 77 പ്രകാരം അനുവദിച്ചതിലും കൂടുതല്‍ പണം കാപ്പനും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പ്രചാരണത്തിനായി ചെലവഴിച്ചുവെന്നായിരുന്നു ജോണിന്റെ പ്രാഥമിക ആരോപണം. ആര്‍പി നിയമത്തിലെ സെക്ഷന്‍ 123(6) പ്രകാരം ഇത് അഴിമതിക്ക് തുല്യമാണെന്ന് വാദിച്ചു.
തന്റെ എതിരാളികള്‍ നിശ്ചിത പണപരിധി കവിഞ്ഞെന്ന് ആരോപിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്കും കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും മുമ്പാകെ നിവേദനം നല്‍കിയെങ്കിലും അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് ജോണ്‍ അവകാശപ്പെട്ടു. അഭിഭാഷകനായ സുനില്‍ സിറിയക്കാണ് ജോണിന് വേണ്ടി ഹാജരായത്.
കാപ്പനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ടി കൃഷ്ണനുണ്ണി, അഭിഭാഷകരായ ദീപു തങ്കന്, ലക്ഷ്മി ശ്രീധര്‍, ഉമ്മുല്‍ ഫിദ, താരിഖ് അന്‍വര്‍ കെ. എന്നിവര്‍ ഹാജാരായി. അഭിഭാഷകനായ പി ഫാസിലിനെ അഡ്വക്കേറ്റ് കമ്മീഷണറായി കോടതി നിയമിച്ചു.
പാലായിലെ ജനം നല്കിയ ജനകീയവിധി അട്ടിമറിക്കാനുള്ള ശ്രമമാണ് കേരളാ കോണ്‍ഗ്രസ് നടത്തുന്നത്. പാലായില്‍ തന്നെ അട്ടിമറിക്കാനായി ജോസ് കെ മാണി തനിക്കെതിരെ ഒരു അപരനെ നിര്‍ത്തി. മാണി സി കുര്യന് എന്ന സ്ഥാനാര്‍ത്ഥി 1800 വോട്ടുകള്‍ നേടിയെങ്കിലും എനിക്ക് അനുകൂലമായത് ജോസ് കെ മാണിക്ക് എതിരായ ജനവിധിയായിരുന്നു. എങ്ങിനെയും പാലായിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയെന്ന കുല്സിത നീക്കമാണ് ജോസ് കെ മാണി സ്വീകരിക്കുന്നത്. ഇത് പാലായിലെ ജനതയോടുള്ള വെല്ലുവിളിയാണ്.
അപരനെ നിര്‍ത്തി എന്നെ തോല്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് വ്യാജ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിലുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് വിവിധ ആരോപണങ്ങള്‍ നിരത്തി ജോസ് കെ മാണി തന്നെ ദ്രോഹിക്കാന്‍ കച്ചകെട്ടിയിറങ്ങിയതെന്നാണ് മാണി സി കാപ്പന്റെ ആരോപണം.
യു ഡി എഫ് പുറത്തിറക്കിയ ഒരു ലഘുലേഖയില്‍ ജോസ് കെ മാണിയെ വ്യക്തിപരമായി അവഹേളിച്ചു എന്നാണ് കേസ്. താന്‍ യു ഡി എഫിലെ ഏതെങ്കിലും പാര്‍ട്ടിയുടെ അംഗമായല്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ആരോപണവും എന്റെ അറിവിലുള്ളതായിരുന്നില്ല.
ജോസ് കെ മാണി ഡയറക്ടറായിരിക്കുന്ന ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട ആരോപണമാണ് അവഹേളനമായി ആരോപിക്കുന്നത്. എന്നാല്‍ ഇതേ സ്ഥാപനം റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുവെന്ന് പിന്നീട് സ്ഥാപനവുമായി ബന്ധപ്പെട്ട് വിശദീകരണം ഉണ്ടായിട്ടുണ്ട്.
യു ഡി എഫ് പുറത്തിറക്കിയ ലഘുലേഖയില്‍ ജോസ് കെ മാണിയെ കുറിച്ച് എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് മുന്നണി വിട്ടുപോയ ഒരാള്‍ എന്ന നിലയിലായിരിക്കുമല്ലോ. അത് എങ്ങനെയാണ് എന്റെ പേരില്‍ ഒരു അന്യായമായി ഉന്നയിക്കപ്പെടുന്നതെന്ന് വ്യക്തമല്ലെന്നും, അടുത്ത തെരഞ്ഞെടുപ്പുവരെ എന്നെ കോടതിയില്‍ നിര്‍ത്തുകയെന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സമീപനമാണ് ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നതെന്നും, ഇത്തരം ഗതികെട്ട നീക്കങ്ങള്‍ക്ക് പാലായിലെ ജനാധിപത്യ വിശ്വാസികള്‍ വന്‍ തിരിച്ചടി നല്‍കുമെന്നും മാണി സി കാപ്പന് വ്യക്തമാക്കി.