ബെയ്റൂട്ട്: മലങ്കര സുറിയാനി യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മോർ ഗ്രിഗോറിയോസിനെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ സ്ഥാനാരോഹിതനാക്കി. മാർച്ച് 25ന് ലെബനോനിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ രാജ്യാന്തര തലത്തിലെ വിശ്വാസ സമുദായത്തോടൊപ്പം ഇന്ത്യയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പ്രതിനിധീകരിച്ച് നിരവധി പ്രമുഖർ പങ്കെടുത്തു.
കേന്ദ്ര സർക്കാർ പ്രതിനിധിയായി മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ നേതൃത്വം നൽകിയ സംഘത്തിൽ മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണത്താനം, എം.പി. ബെന്നി ബെഹനാൻ, ഷോൺ ജോർജ് തുടങ്ങിയവർ ഉണ്ടായിരുന്നു. കേരള സർക്കാർ പ്രതിനിധിയായി വ്യവസായ മന്ത്രി പി. രാജീവ്, എം.എൽ.എമാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി, ജോബ് മൈക്കൽ, ഇ.ടി. ടൈസൺ മാസ്റ്റർ, പി.വി. ശ്രീനിജൻ എന്നിവർ പങ്കെടുത്തു.
പുതിയ ശ്രേഷ്ഠ കാതോലിക്കയെ ഇനി മുതൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ എന്ന പേരിൽ അറിയപ്പെടും. ചടങ്ങിൽ രാജ്യാന്തര തലത്തിലുള്ള സഭാ തലവന്മാരും വിശ്വാസികളും പങ്കെടുത്ത് ബാവായെ ആശംസിച്ചു.