ഇത്തവണ ജൂണില്‍ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ് എന്ന് കാലാവസ്ഥ വിഭാഗം.ജൂണില്‍ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 489.2 എംഎം മഴ മാത്രമാണ്.എങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ഇത്തവണ ജൂണില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല.
കഴിഞ്ഞ വര്‍ഷം 60 ശതമാനം മഴക്കുറവ് ആയിരുന്നു.1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമായിരുന്നു 2023ലേത്. 30 ദിവസത്തില്‍ ആറ് ദിവസം മാത്രമാണ് ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചത്. എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയെക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്.ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ( 757.5 എംഎം) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ (879.1mm)14 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.
തൊട്ട് പിറകില്‍ കാസര്‍കോട് ( 748.3 എംഎം, 24 ശതമാനം കുറവ്) ജില്ലയാണ്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 289.3 എംഎം), കൊല്ലം ( 336.3 എംഎം) ജില്ലകളിലാണ്. ഇത്തവണ രണ്ട് ദിവസം നേരത്തെ വന്ന (മെയ് 30) കാലവര്‍ഷം ( കഴിഞ്ഞ വര്‍ഷം എട്ട് ദിവസം വൈകി ) കേരളത്തില്‍ തുടക്കത്തില്‍ പൊതുവെ ദുര്‍ബലമായിരുന്നു.
ജൂണ്‍ ആദ്യ പകുതിയില്‍ കാലവര്‍ഷക്കാറ്റ് പൊതുവെ ദുര്‍ബലമായതാണ് മഴ കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ഉയര്‍ന്ന ലെവലിലെ കിഴക്കന്‍ കാറ്റ് തുടര്‍ന്നതിനാല്‍ ഇടി മിന്നലോടു കൂടിയ മഴയായിരുന്നു ജൂണ്‍ പകുതിയില്‍ കൂടുതലും കേരളത്തില്‍ ലഭിച്ചത്. ജൂണ്‍ 20ന് ശേഷം കേരള തീരത്ത് ന്യുനമര്‍ദ്ദപാത്തി രൂപപ്പെടുകയും കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കാന്‍ തുടങ്ങിയതോടെയും കാലവര്‍ഷത്തിന് പതിയെ ജീവന്‍വച്ചു. കേരളത്തിനു അനുകൂലമായി ഈ കാലയളവില്‍ കൂടുതല്‍ ചക്രവാത ചുഴികളോ / ന്യുന മര്‍ദ്ദമോ രൂപപ്പെടാത്തതും അതോടൊപ്പം ആഗോള മഴ പാത്തി മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ പ്രതിഭാസവും അനുകൂലമാകാതിരുന്നതും ജൂണില്‍ മഴ കുറയാനുള്ള പല കാരണങ്ങളില്‍ ചിലതാണെന്നും കാലാവസ്ഥ വിഭാഗം നിരീക്ഷിച്ചു.