ചെന്നൈ: കെ അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് സൂചന. എഐഎഡിഎംകെയും ബിജെപിയും വീണ്ടും കൈകോര്‍ക്കാനുള്ള ചര്‍ച്ചകള്‍ വേഗത്തിലായ സാഹചര്യത്തിലാണിത്. സഖ്യം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി അണ്ണാമലൈയെമാറ്റുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്. പളനിസാമിയും അമിത്ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ അമിത്ഷായെ ഡല്‍ഹിയില്‍ ചെന്ന് കണ്ടിരുന്നു. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അണ്ണാമലൈ അനുസരിച്ചേക്കുമെന്നാണ് വിവരം.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന അണ്ണാമലൈയ്ക്ക് ഡല്‍ഹിയില്‍ പുതിയ സ്ഥാനങ്ങള്‍ നല്‍കുമെന്നും വിവരമുണ്ട്. അണ്ണാമലൈക്ക് പകരം ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്നാണ് സൂചന. നേരത്തെ ഇദ്ദേഹം എഐഎഡിഎംകെ നേതാവായിരുന്നു.
വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഒരു മുഖമുണ്ടാക്കാന്‍ സാധിച്ച നേതാവാണ് കെ.അണ്ണാമലൈ.