തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റേയും സുരേഷ് ഗോപിയുടേയും വിവാദ പരാമർശങ്ങളിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്നും മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞ ‘ ഉന്നതകുല ജാതർ’ എന്ന പരാമർശം സമൂഹം ഗൗരവത്തോടെ കാണണമെന്നും ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ല, രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ലെന്നും കെ.മുരളീധരന് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് സുരേഷ് ഗോപി പറഞ്ഞ വാചകത്തിന്റെ തുടച്ചയാണിത്. ഭിക്ഷപാത്രമായി മോദിക്ക് മുന്നിൽ പോയാൽ ചില്ലറ ഇട്ടുതരാമെന്നാണ് ജോർജ് കുര്യൻ പറയുന്നത്. ഈ രണ്ട് പ്രസ്താവനയും കേരളത്തെ അപമാനിക്കുന്നതാണെന്നും കെ മുരളീധരൻ വിമർശിച്ചു.
തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ചും കെ മുരളീധരൻ പ്രതികരിച്ചു. തൃശൂരിലെ വസ്തുതകൾ പഠിക്കാതെ മത്സരിക്കാൻ
പോയത് തെറ്റാണെന്നും ആർക്കെതിരെയും പരാതി നൽകില്ല എന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഈ വിഷയം പഠിക്കാൻ പാർട്ടി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. റിപ്പോർട്ട് എന്തെന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. താൻ പരാതി പറയാത്തതിൽ എന്തിനു റിപ്പോർട്ട് വേണമെന്നും അദ്ദേഹം ചോദിച്ചു. നഷ്ടപ്പെട്ട സീറ്റ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കണം. ടി.എന്‍. പ്രതാപന് തന്നെ മത്സരിച്ചാല്‍ മാത്രമേ സീറ്റ് തിരിച്ചു പിടിക്കാന്‍ കഴിയുള്ളൂ എന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായമെന്നും മുരളീധരന് കൂട്ടിച്ചേർത്തു.