വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്ന് കെ മുരളീധരന് മത്സരിക്കാന്‍ സാധ്യത. ഔദ്യോഗിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയെങ്കിലും കെ മുരളീധരന് ഭൂരിപക്ഷം കിട്ടിയ ഏക മണ്ഡലം ഗുരുവായൂരാണ്. ഇതുകൂടി പരിഗണിച്ചാണ് ഗുരുവായൂര്‍ മത്സരിക്കാന്‍ കെ മുരളീധരന് തയ്യാറെടുക്കുന്നത്. കെ മുരളീധരന് വേണ്ടി സീറ്റ് വിട്ടുകൊടുക്കുന്നതില്‍ മുസ്ലീം ലീഗിന് എതിര്‍പ്പുണ്ടാകാനിടയില്ല. മാത്രമല്ല കെ കരുണാകരുമായി ആത്മബന്ധമുള്ള ഗുരുവായൂരില്‍ കെ മുരളീധരന് മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഗുരുവായൂര്‍ മണ്ഡലം കാലങ്ങളായി മുസ്ലീം ലീഗിന്റെ കൈവശമാണ്. എന്നാല്‍ 2006 മുതല്‍ ഇവിടെ വിജയിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ സിപിഐ എമ്മിന്റെ എന്‍ കെ അക്ബര്‍ പതിനെണ്ണായിരം വോട്ടുകള്‍ക്കാണ് ലീഗിലെ കെ എന്‍ എ ഖാദറിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന് എല്ലായിടത്തും പുറകോട്ട് പോയപ്പോള്‍ ഗുരുവായൂര്‍ മണ്ഡലം മുരളീധരന് ഒപ്പം നിന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി പരാജയപ്പെടുന്ന സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ ലീഗ് തയ്യാറാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. മാത്രമല്ല കെ മുരളീധരനാണ് മത്സരിക്കുന്നതെങ്കില്‍ സീറ്റ് നല്‍കാമെന്ന് ലീഗ് നേതാക്കള്‍ അനൗദ്യോഗികമായി സമ്മതിച്ചിട്ടുള്ളതായും അറിയുന്നു. പകരമായി ലീഗിന് കയ്പമംഗലം സീറ്റോ കുന്ദംകുലം സീറ്റോ നല്‍കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിട്ടുള്ളത്. താരതമ്യേന ജയസാധ്യത കുറവുള്ള കയ്പമംഗലം സീറ്റിന് പകരം കുന്ദംകുളം സീറ്റ് ലഭിച്ചാല്‍ മതിയെന്ന് ലീഗും കരുതുന്നു. കുന്ദംകുളത്ത് കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥി എ സി മൊയ്തീന് മുസ്ലീം വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. അവിടെ ലീഗ് സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ കൂടുതല്‍ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും സീറ്റ് തിരിച്ച് പിടിക്കാന്‍ കഴിയുമെന്നും ലീഗിന് ആത്മവിശ്വാസമുണ്ട്.
നേരത്തെ സിഎംപി യുടെ സി പി ജോണ്‍ മത്സരിച്ച സീറ്റായിരുന്നു കുന്ദംകുളം. കഴിഞ്ഞ തവണ കുന്ദംകുളം കോണ്‍ഗ്രസ് ഏറ്റെടുത്തെങ്കിലും സിപിഎമ്മിലെ എസി മൊയ്തീനോട് പരാജയപ്പെടുകയായിരുന്നു. സിപി ജോണിന് ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടരി ദീപദാസ് മുന്‍ഷിയോട് സിപി ജോണ്‍ ആവശ്യപ്പട്ടതായി വാര്‍ത്തയുണ്ട്. സി.പി ജോണിന് തലസ്ഥാന നഗരിയിലെ തിരുവനന്തപുരം സീറ്റിനോടാണ് താല്പര്യം. ഈ സാഹചര്യത്തിലാണ് കുന്ദംകുളം സീറ്റ് ലീഗിന് വെച്ചുമാറാനുള്ള നീക്കം നടക്കുന്നത്.ഗുരുവായൂര്‍ മണ്ഡലത്തില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള 42 ശതമാനം വോട്ടര്‍മാരും ഏതാണ്ട് അത്രതന്നെ ഹിന്ദു വോട്ടര്‍മാരും ഉണ്ടെന്നാണ് സെന്‍സസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മുസ്ലീം ലീഗിനെ സംബന്ധിച്ച് ഗുരുവായൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചെറിയതോതിലുള്ള ഗ്രൂപ്പിസവും നിലനില്‍ക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സീറ്റ് വിട്ടുകൊടുക്കാന്‍ ലീഗ് തയ്യാറെടുക്കുന്നത്.
അതോടൊപ്പം കളമശ്ശേരി സീറ്റ് കൂടി ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ലീഗില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ പരാജയത്തിന് കാരണമായെന്ന വിലയിരുത്തല്‍ ഉണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കളമശ്ശേരി മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. പകരം ലീഗിന്റെ കൈവശമുണ്ടായിരുന്ന പഴയ മട്ടാഞ്ചേരി മണ്ഡലം ഇപ്പോള്‍ കൊച്ചി എന്നറിയപ്പെടുന്ന മണ്ഡലം ലീഗിന് തിരികെ കൊടുക്കാമെന്ന ചര്‍ച്ചകളും സജീവമാണ്. കളമശ്ശേരി സീറ്റ് ലീഗിൽ നിന്നും കോൺഗ്രസിന് ലഭിച്ചാൽ നിലവിലെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരത്തിന് ഇറങ്ങുവാനാണ് സാധ്യത. അങ്ങനെ വന്നാൽ നിലവിലെ മന്ത്രിയായ പി രാജീവിനെ അട്ടിമറിച്ച് വിജയം നേടാമെന്ന് കോൺഗ്രസ് കരുതുന്നു. കൊച്ചിയിൽ ലീഗ് മത്സരിച്ചാൽ ആ മണ്ഡലവും കോൺഗ്രസിന് അനായാസം കയ്യിലൊതുക്കുവാൻ കഴിയും. ഏതായാലും ഗുരുവായൂര്‍ മണ്ഡലത്തിലെ ചില പരിപാടികളിലും വീട് സന്ദര്‍ശനത്തിലും കെ മുരളീധരന് സജീവമാണ്.
ഒരുഘട്ടത്തിൽ അദ്ദേഹം വട്ടിയൂർക്കാവിൽ തന്നെ മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നുവെങ്കിലും ഇനി വട്ടിയൂർക്കാവിൽ വിജയിക്കുവാൻ കോൺഗ്രസിന് കഴിയില്ലെന്ന് നേതൃത്വം ഏറെക്കുറെ തിരിച്ചറിഞ്ഞ മട്ടാണ്. എംഎൽഎ എന്ന നിലയിൽ പ്രശാന്തിന് വലിയ തോതിലുള്ള ജനസ്വീകാര്യതയുണ്ട്. മാത്രവുമല്ല മുരളീധരൻ പോയവഴിക്ക് പിന്നീട് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിർജീവമായിരുന്നു. ഇപ്പോഴാകട്ടെ മണ്ഡലത്തിൽ ബിജെപി നിർണായക ശക്തി കൂടിയാണ്. നേമത്ത് ബിജെപി പരാജയപ്പെടുവാൻ കാരണമായത് കെ മുരളീധരൻ ആയിരുന്നു. അന്ന് കുമ്മനം രാജശേഖരനെതിരെ മുരളീധരൻ കൂടി മത്സരിച്ചപ്പോൾ ആയിരുന്നു കുമ്മനം പരാജയപ്പെടുകയും ശിവൻകുട്ടി വിജയിക്കുകയും ചെയ്തത്. തൃശൂരും സമാനമായ രീതിയിൽ മുരളീധരനെ രംഗത്തിറക്കിയത് വിജയിക്കുന്നതിന് അപ്പുറത്തേക്ക് ബിജെപിയെ പരാജയപ്പെടുത്തുവാൻ വേണ്ടിയായിരുന്നു. നേമത്ത് വിജയിച്ചത് തൃശ്ശൂരിൽ പാളിയെങ്കിലും ബിജെപിയുടെ ആജന്മ ശത്രു തന്നെയാണ് മുരളീധരൻ. അതുകൊണ്ടുതന്നെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായാൽ പരാജയം ഉറപ്പാണെന്ന് കോൺഗ്രസ് കരുതുന്നു. ഒരിക്കൽ കൂടി പരാജയം അനുഭവിക്കേണ്ടിവന്നാൽ മുരളീധരൻ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിലും കോൺഗ്രസിന് ആശങ്കയുണ്ട്. ആ നിലയിലാണ് വട്ടിയൂർക്കാവിനെക്കാൾ സുരക്ഷിതമായ ഗുരുവായൂർ മണ്ഡലത്തിലേക്ക് അദ്ദേഹത്തെ പരീക്ഷിക്കുവാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്.