കേരളം ഏറെ ചർച്ച ചെയ്യുകയും പിന്നീടു മരവിച്ച അവസ്ഥയിലാവുകയും ചെയ്ത കെ റെയിൽ പദ്ധതി വീണ്ടും യാഥാർത്ഥ്യമാവുകയാണോ..?. അത്തരത്തിലുള്ള ചില ചർച്ചകൾ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞമാസം സംസ്ഥാനത്ത് എത്തിയ കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കെ റെയിലിനോട് അനുകൂലിച്ചു കൊണ്ടുള്ള പ്രസ്താവനയ്ക്ക് പിന്നാലെ ഡൽഹി കേന്ദ്രീകരിച്ച് തുടർനടപടികൾ പുരോഗമിക്കുന്നതായി അറിയുന്നു. തൃശൂരിൽ റെയ്ൽവേ സ്റ്റേഷൻ പുനരുദ്ധാരണ പദ്ധതികൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ റെയ്ൽവേ മന്ത്രി പറഞ്ഞത് കെ റെയിൽ പദ്ധതിയിൽ തുടർ നടപടികൾക്ക് കേന്ദ്ര സർക്കാർ സന്നദ്ധമാണെന്നാണ്. ഡൽഹിയിൽ നടന്ന ചർച്ചയിൽ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, പദ്ധതി നടപ്പാക്കാനുള്ള നിബന്ധനകളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. നിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ പരിഹരിക്കണം എന്നതാണത്. പ്രശ്നങ്ങൾ പരിഹരിച്ചു പുതിയ നിർദേശം മുന്നോട്ടുവയ്ക്കേണ്ടതു സംസ്ഥാന സർക്കാരിന്റെ ചുമതലയാവുകയാണ്.
അത് എളുപ്പത്തിൽ നടത്താവുന്ന കാര്യവുമല്ല. കേന്ദ്ര സർക്കാരിനും റെയ്ൽവേ മന്ത്രാലയത്തിനും മാത്രമല്ല കേരളത്തിലെ ജനങ്ങൾക്കും പദ്ധതി ദോഷകരമല്ലെന്നു ബോധ്യപ്പെടേണ്ടതുണ്ട്. നേരത്തേ, ഭൂമി ഏറ്റെടുക്കുന്നതിനെതിരേ അതിശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തു കണ്ടത്.യുഡിഎഫും ബിജെപിയും പദ്ധതിക്കെതിരേ രംഗത്തുവരുകയും ചെയ്തു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും പ്രതിപക്ഷ കക്ഷികളുള്ളത്. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും അവർ പറയുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കെ റെയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ജനങ്ങൾ പിഴുതെറിഞ്ഞപ്പോൾ അതിനു മുഴുവൻ പിന്തുണയും നൽകി പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ടായിരുന്നു. കടുത്ത ജനകീയ പ്രതിരോധത്തെ പദ്ധതിയനുകൂല നിലപാടിലേക്കു കൊണ്ടുവരണമെങ്കിൽ വലിയ മാറ്റങ്ങൾ ആവശ്യമായി വരും.
കേന്ദ്രവും സംസ്ഥാനവും സഹകരിച്ചു പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെതിരേ കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയെന്നത് ഏതു പദ്ധതിയുമായി ബന്ധപ്പെട്ടായാലും വളരെ പ്രധാനമാണ്. പദ്ധതിയെ എതിർക്കുന്ന എല്ലാവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താനും അവർ ഉന്നയിക്കുന്ന ആശങ്കകൾക്ക് കൃത്യമായ പരിഹാരം കണ്ടെത്തുവാനും സർക്കാരിന് കഴിയുമോ എന്നതാണ് വലിയ ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്ത് ഏറ്റവും വലിയ വെല്ലുവിളിയാണ് വൻ തോതിൽ ഭൂമിയേറ്റെടുക്കുകയെന്നത്. പ്രതിഷേധിക്കുന്ന ആളുകളെയെല്ലാം തല്ലിയൊതുക്കി അവരുടെ ഭൂമി പിടിച്ചെടുക്കുന്നതു ശരിയായ മാർഗമാവില്ല. സമവായത്തിലൂടെ ഭൂമി ഏറ്റെടുക്കാൻ കഴിയണം. ജനങ്ങളെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ രണ്ടു തട്ടിൽ നിൽക്കുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയാണു ചെയ്യുക.
ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസന പ്രവർത്തനങ്ങളിൽ ഒന്നിച്ചു നിൽക്കാൻ ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾക്കു കഴിയുന്നില്ല എന്നത് വസ്തുതയാണ്. അതിവേഗ യാത്രക്കുള്ള സൗകര്യം നമുക്ക് ആവശ്യമാണ്. അത് എങ്ങനെ, ഏതു വിധത്തിൽ എന്നതിലാണ് തർക്കം നിലനിൽക്കുന്നത്. നിലവിലുള്ള റെയിൽ സംവിധാനം ശക്തിപ്പെടുത്തി അതിവേഗ ട്രെയ്നുകൾ ഓടിക്കാൻ കഴിയുമെന്നാണ് സിൽവർ ലൈനിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. പാതകൾ നവീകരിച്ചാൽ 160 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയുന്ന വന്ദേഭാരത് എക്സ്പ്രസുകൾ ഇപ്പോഴുണ്ട്. ഇനിയും ഇതുപോലുള്ള ട്രെയ്നുകൾ വരുമെന്നുറപ്പാണ്. അവയുടെ പ്രയോജനം പരമാവധി കേരളത്തിന് ലഭ്യമാക്കുകയാണ് സിൽവർ ലൈൻ പദ്ധതിയെക്കാൾ നല്ലത് എന്ന് വിശ്വസിക്കുന്നവർ ഒട്ടേറെയുണ്ട്. 60,000 കോടി രൂപയ്ക്ക് മുകളിലാണ് സിൽവർ ലൈൻ പദ്ധതിയുടെ ചെലവു കണക്കാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഈ ചെലവ് താങ്ങേണ്ടതുണ്ടോയെന്ന് ചോദിക്കുന്നവരുമുണ്ട്.