തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ ഇനി പഞ്ചായത്തുകളിലേക്കും. സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന കെ സ്മാർട്ട് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 10ന് ഉദ്ഘാടനം ചെയ്യും.
ജനന മരണ വിവാഹ രജിസ്ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ സ്മാർട്ട് പോർട്ടലിലൂടെ ലഭിക്കും. ഏപ്രിൽ 10 മുതൽ പഞ്ചായത്തുകളിലും സേവനമെത്തും.ദിവസങ്ങളും മാസങ്ങളും വേണ്ടിവന്നിരുന്ന ബില്‍ഡിങ് പെര്‍മിറ്റുകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ അനുവദിച്ച് ഡിജിറ്റല്‍ ഗവേര്‍ണന്‍സിൽ വൻ മുന്നേറ്റം കുറിക്കുകയാണ് കെ സ്മാര്‍ട്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് തയാറാക്കിയ കെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലും വെബ്സൈറ്റിലുമാണ് രാജ്യത്താദ്യമായി എഐയുടെയും വിവിധ റൂള്‍ എന്‍ജിനുകളുടെയും സഹായത്തോടെ വലിയ മാറ്റം കൊണ്ടുവരുന്നത്.ഏറ്റവും ലളിതമായി വെറും 30 സെക്കന്‍ഡ് കൊണ്ട് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള അതിനൂതന സംവിധാനമാണ് കെ സ്മാര്‍ടിലൂടെ തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കേരളാ ബില്‍ഡിംഗ് റൂള്‍ അനുശാസിക്കുന്ന എല്ലാത്തരം കെട്ടിടങ്ങളുടെ പെര്‍മിറ്റും ഇത്തരത്തില്‍ കരസ്ഥമാക്കാം.