വടകര: വിവാദമായ കാഫിർ സന്ദേശ സ്ക്രീൻഷോട്ട് നിര്‍മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആർ.എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപനവുമായി ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇനാം പ്രഖ്യാപിച്ചത്.
റെഡ് എൻകൗണ്ടർ എന്ന ഇടത് അനുകൂല വാട്സാപ്പ് ഗ്രൂപ്പിൽ റിബേഷ് ഷെയർ ചെയ്ത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതെന്ന അനുമാനത്തിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ‘റിബേഷിന്റെ മൊഴിയെടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെനിന്നാണെന്ന് പറയാൻ തയ്യാറായില്ല. പോസ്റ്റ് സൃഷ്ടിച്ചത് റിബേഷ് ആണോ അതോ ഡൗൺലോഡ് ചെയ്തതാണോ എന്നറിയാൻ ഫോൺ ഫോറൻസിക് പരിശോധനയ്ക്കയച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോര്‍ട്ടിന് പിന്നാലെ റിബേഷിനെതിരെയും ഡിവൈഎഫ്ഐക്കെതിരെയും വ്യാപക വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഇനാം പ്രഖ്യാപനം. വടകരയില്‍ ഡിവൈഎഫ്ഐ വിശദീകരണ യോഗവും വിളിച്ചുചേര്‍ക്കുന്നുണ്ട് .വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളിൽ വ്യാപിച്ചു. ഇത് വ്യാജമായി നിർമിച്ച സ്ക്രീൻഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവർ പരാതി നൽകിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഹമ്മദ് കാസിമല്ല സ്ക്രീൻ ഷോട്ടിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക വിവരങ്ങൾ പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്