മനുഷ്യസ്നേഹത്തിന്റെ മായാത്ത ഓർമ്മകൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ കലാകാരൻ കലാഭവൻ മണി ഓർമ്മയായിട്ട് ഒൻപതു വർഷം. ഇല്ലായ്മയുടെ കാലത്തുനിന്നും ജീവിതത്തിന്റെ ഗതി മാറിയപ്പോൾ തന്നോട് ചേർന്നുനിന്നവരെ സ്നേഹത്തോടെ ചേർത്തുനിർത്താൻ മണി എന്നും ശ്രദ്ധ പുലർത്തിയിരുന്നു.
രാമൻ – അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായാണ് കലാഭവൻ മണിയുടെ ജനനം. ഇല്ലായ്മയുടെ കാലത്തെ അദ്ദേഹം പല വേദികളിലും ആളുകൾക്ക് പരിചയപ്പെടുത്തിയിരുന്നു. ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ പഠിക്കുമ്പോൾ മിമിക്രിയിലും അഭിനയത്തിലും തുടക്കം കുറിച്ചു. 1987ൽ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ മണി ഒന്നാംസ്ഥാനം നേടി.
1991- 92 കാലഘട്ടത്തിലാണ് മണി ‘കലാഭവൻ’ മണിയാകുന്നത്. കൊച്ചിൻ കലാഭവനിൽ ചേർന്നത് മണിയുടെ ജീവിതത്തിലെ വഴിത്തിരിവായി. 1995 ൽ പുറത്തിറങ്ങിയ അക്ഷരം എന്ന സിനിമയിലെ ഓട്ടോറിക്ഷാ ഡ്രൈവർ കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് മണി തന്റെ അരങ്ങേറ്റം കുറിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ മണിയുടെ ആദ്യകാലങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു.
കോമഡി കലാകാരൻ എന്ന നിലയിൽ നിന്നും ദേശീയ സംസ്ഥാന അവാര്ഡുകള് വാങ്ങുന്ന താരത്തിലേക്ക് മണി വളർന്നു. ഓട്ടോക്കാരനായും ചെത്തുകാരനായും വേഷമിട്ട് തുടങ്ങിയ മണി പിന്നീട് പൊലീസായി, പട്ടാളക്കാരനായി, ഡോക്ടറായി, കലക്ടറായി. തമിഴിലെയും തെലുങ്കിലെയും വില്ലൻ വേഷങ്ങളിൽ നായകനെ വിറപ്പിക്കുന്ന നിലയിലേക്ക് എത്തി. നാടൻ പാട്ടുകളിലൂടെ നാടിന്റെ താളമായി മണി മാറി.
2016 മാർച്ച് ആറിന് കലാഭവൻ മണി തന്റെ നേട്ടങ്ങളുടെ പട്ടിക പൂർത്തിയയാക്കാതെ ഈ ലോകത്തോട് വിട പറഞ്ഞു. പാതി വഴിയിൽ മറഞ്ഞുവെങ്കിലും തന്റെ കിരണങ്ങൾ കൊണ്ട് മണി ഇന്നും മലയാളികളുടെ മനസ്സിൽ കെടാതെ നിൽക്കുന്നുണ്ട്, ഒരു വെളിച്ചമായി.