കാളിദാസ് ജയറാമിന് കല്യാണം. ഞായറാഴ്ച ഗുരുവായൂരിൽ വച്ച് വിവാഹം നടക്കും. ജയറാം ആണ് വിവാഹ വേദിയും തീയതിയും പങ്കുവെച്ചത്. സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പ്രശസ്ത മോഡലാണ് തരിണി കലിംഗരായർ.
കലിംഗരായർ കുടുംബത്തിൽ നിന്നുള്ള തരിണി ഞങ്ങളുടെ മരുമകളായി വരുന്നതിൽ ശരിക്കും ഭാഗ്യവാനാണ്. തരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുന്ന കാളിദാസിന് എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം എന്ന് പ്രീ വെഡിങ് ചടങ്ങിൽ സംസാരിക്കവെ ജയറാം വികാരാധീനനായി.
പ്രശസ്ത നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകനാണ് കാളിദാസ് ജയറാം. തന്റെ ആറാം വയസിൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് ജയറാം മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും താരം നേടിയിരുന്നു. പിന്നീട് കരിയറിൽ ബ്രേക്ക് എടുത്ത് 2016 ലാണ് താരം സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നത്.