കാസർഗോഡ് എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു, ഒഴുക്കില്‍പ്പെട്ട് കാണാതായ മറ്റൊരു കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ് . എരഞ്ഞിപ്പുഴ സിദ്ദിഖിന്റെ മകൻ റിയാസ്, മാതൃസഹോദരനായ അഷ്റഫിന്റെ മകൻ യാസീൻ (13) എന്നിവരാണ് മരിച്ചത്.ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു റിയാസ്. ഒഴുക്കില്‍പ്പെട്ട മജീദിന്റെ മകൻ സമദ് (13) എന്ന കുട്ടിക്കായാണ് തെരച്ചില്‍ തുടരുന്നത് . സഹോദരങ്ങളുടെ മക്കളാണ് മൂവരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടുകൂടിയായിരുന്നു സംഭവം.
പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ റിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കുട്ടികളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ അലറിവിളിച്ചതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.തുടർന്നുള്ള തെരച്ചലിലാണ് റിയാസിനെയും യാസീനെയും രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത് . കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെയും ഈ പ്രേദേശത്ത് അപകടം നടന്നിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാണാതായ കുട്ടിക്ക് വേണ്ടി നാട്ടുകാരും ഫയർഫോർസും തെരച്ചിൽ നടത്തുകയാണ് .കണ്ണൂരിലും സമാനസംഭവത്തില്‍ രണ്ടുപേർ പുഴയില്‍ മുങ്ങിമരിച്ചു. ഇന്ന് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടിയില്‍ കിളിയന്തറ പുഴയിലാണ് ഇവർ മുങ്ങിമരിച്ചത്. കണ്ണൂർ സ്വദേശികളായ ആല്ബിൻ (ഒൻപത്), വിൻസെന്റ് (42) എന്നിവരാണ് മരിച്ചത്. ആല്ബിൻ പുഴയില്‍ വീണപ്പോള്‍ വിൻസെന്റ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു.