കാട്ടാക്കട : ഒരുവര്‍ഷം മുൻപ് കേമമായി ഉദ്ഘാടനം നടത്തി തുറന്നുകൊടുത്ത കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ തൂങ്ങാംപാറയിലുള്ള സബ് സെന്ററിൽ വൈദ്യുതിയില്ല. ഇവിടെ ഫാനും വൈദ്യുതിവിളക്കുകളുമൊക്കെ കാഴ്ചവസ്തുക്കള്മാത്രമായിരിക്കുകയാണ്.
ആമച്ചല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ കീഴിലുള്ള തൂങ്ങാംപാറ സബ് സെന്റര്‍ 15,00000 രൂപ മുടക്കി നിര്‍മിച്ച കെട്ടിടം കഴിഞ്ഞവര്‍ഷമാണ് തുറന്നുകൊടുത്തത്. വെള്ളവും വെളിച്ചവും ഇല്ലാത്തതുകാരണം കേന്ദ്രത്തിലെത്തുന്ന ഗര്‍ഭിണികളും കുട്ടികളും ജോലിചെയ്യുന്നവരും വളരെയേറെ ബുദ്ധിമുട്ടുകയാണ്. വാക്സിനേഷന്, തുള്ളിമരുന്നുനല്കൽ ഉള്പ്പെടെയുള്ളവക്കായാണ് കേന്ദ്രത്തില്‍ നാട്ടുകാരെത്തുന്നത്.
വാക്സിനേഷനും മറ്റുമായി കൈക്കുഞ്ഞുങ്ങളുമായെത്തുന്നവർ ഉൾപ്പെടെ പലപ്പോഴും മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടിവരുന്നു. കാറ്റും വെളിച്ചവും ലഭിക്കാതെ വീർപ്പുമുട്ടി കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചില് ജീവനക്കാരെയും സെന്ററിലെത്തുന്നവരെയും ബുദ്ധിമുട്ടിക്കുകയാണ്. റെഫ്രിജറേറ്ററില്‍ മരുന്നുകളും വാക്സിനുകളും ഉള്‍പ്പെടെ സൂക്ഷിക്കാനാവാത്ത അവസ്ഥയാണ്.