തിരുവനന്തപുരം: തങ്ങളുടെ അവകാശങ്ങൾക്കായി രാപകൽ സമരം ചെയുന്ന ആശാവർക്കർമാരുടെ സമരപ്പന്തലിൽ സുരേഷ് ഗോപി എത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു . എന്നാൽ സമരപ്പന്തലിൽ താൻ എത്തിയത് ആശമാർ ക്ഷണിച്ചിട്ടാണെന്ന ഇന്നലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു . എന്നാൽ സുരേഷ് ഗോപിയുടെ ഈ വാദം തള്ളി എത്തിയിരിക്കുകയാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.മിനി. സമരസമിതിയുടെ ഭാഗത്ത് നിന്ന് സുരേഷ് ഗോപിക്ക് ക്ഷണം ഉണ്ടായിട്ടില്ലെന്നും എല്ലാ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട് അതുകൊണ്ട് എല്ലാ പാർട്ടി പ്രവർത്തകരും അവരവരുടെ നേതാക്കളെ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും എസ്.മിനി പറഞ്ഞു.
സമരക്കാരിൽ ബിജെപിക്കാരായ പ്രവർത്തകർ ആരെങ്കിലും ക്ഷണിച്ചിട്ടുണ്ടാകും. ഇടതുപക്ഷക്കാരെയും വിളിച്ചിരുന്നു. പക്ഷെ അവർ ആരും പങ്കെടുത്തില്ല എന്നും മിനി പറഞ്ഞു . അതേസമയം സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 42 ദിവസം തികയുകയാണ്. നിരാഹാര സമരം തുടരുന്ന ആശാ പ്രവർത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം നടക്കും.