നാട്ടിൽ പുതിയതായി എന്തെങ്കിലും നിയമങ്ങളും പരിഷ്കരണങ്ങളും വരുമ്പോൾ അതിനെപ്പറ്റി യാതൊന്നും പഠിക്കാതെ എടുത്തടിച്ചുള്ള ചില പ്രതികരണങ്ങൾ പിന്നീട് അസ്ഥാനത്തായിപ്പോയ പല സന്ദർഭങ്ങളും കേരള രാഷ്ട്രീയത്തിലുണ്ട്. അത്തരത്തിൽ അസ്ഥാനത്ത് ഒരു ഇടപെടൽ നടത്തി പരിഹസ്യനായിരിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ചില ക്രൈസ്തവ സഭകൾ ആശങ്ക പ്രകടിപ്പിച്ചതോടെ ആയിരുന്നു കാടടച്ചുള്ള ജോസ് കെ മാണിയുടെയും കേരള കോൺഗ്രസിന്റെയും ഇടപെടൽ. സഭ മേലധികാരികളുടെ വിഷയത്തിലെ പ്രതികരണങ്ങൾക്ക് പിന്നാലെ ജോസ് കെ മാണിയും കൂട്ടരും എടുത്ത് ചാടുകയായിരുന്നു. മുൻപും ജോസ് കെ മാണിയും കേരള കോൺഗ്രസ് നേതാക്കളും ഇതുപോലെ എടുത്തുചാട്ടം നടത്തിയിരുന്നു.
നിലവിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കനത്ത തോൽവിയായിരുന്നു കേരള കോൺഗ്രസ് നേരിട്ടത്. ഈ തോൽവിയോടെയാണ് എന്തിലും ചാടിക്കയറി ഇടപെടാൻ കെ എം മാണിയും കൂട്ടരും തീരുമാനിച്ചത്. എന്നാൽ വനം ഭേദഗതി ബില്ലിലെ ഇടപെടൽ വിനയാകുകയാണ് ചെയ്തത്. ഒട്ടേറെ മികച്ച നിർദ്ദേശങ്ങൾ കൂടി ഉൾപ്പെട്ട ബില്ലിൽ ചർച്ച പോലും ആവശ്യപ്പെടാതെയായിരുന്നു കേരള കോൺഗ്രസിന്റെ എതിർപ്പ്. അനവസരത്തിലുള്ള ഇടപെടലിന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കണക്കിനുള്ള മറുപടിയാണ് കേരള കോൺഗ്രസിന് നൽകിയത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് കേരള കോണ്‍ഗ്രസ് വിവാദം സൃഷ്ടിക്കുന്നതെന്നായിരുന്നു വനം മന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി ഇക്കാര്യത്തില്‍ വേണ്ട ചര്‍ച്ച നടത്തിയിട്ടുണ്ടാവില്ലെന്നും മന്ത്രി തുറന്നടിച്ചു. വിമര്‍ശനത്തെക്കാളേറെ പരിഹാസം കൂടി ധ്വനിപ്പിക്കുന്നതായി.
മന്ത്രിസഭയില്‍ നിയമഭേദഗതിയെ സംബന്ധിച്ച് എതിരഭിപ്രായം പറയാത്ത റോഷി അഗസ്റ്റിനെ കേരളാ കോണ്‍ഗ്രസ് തള്ളുകയാണോയെന്ന ചോദ്യം ജോസ് കെ മാണിയേയും കൂട്ടരേയും കൂടുതൽ പ്രതിസന്ധിയിലാക്കി. കേരള കോണ്‍ഗ്രസ് വന നിയമഭേദഗതിയ കുറിച്ച് മുന്നണിയിലും മന്ത്രിസഭയിലും എന്ത് അഭിപ്രായമാണ് പറഞ്ഞതെന്ന ചോദ്യവും ഉയരുന്നുണ്ട്.വോട്ട് ബാങ്കിന്റെ അതൃപ്തി പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയത് അവരുടെ മുഖം കൂടുതൽ വികൃതമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുമായി ജോസ് കെ മാണി ചർച്ച നടത്തിയെങ്കിലും വിഷയം ആദ്യം പഠിച്ചിട്ട് വരാനുള്ള ഉപദേശമാകും നൽകിയിട്ടുണ്ടാവുക. ശശീന്ദ്രനും വെറുതെ ഒന്നും കാണാതെ ജോസ് കെ മാണിയെ ഉപദേശിക്കാൻ വരുന്നതുമല്ല. അതിലും പിന്നാമ്പുറങ്ങളിൽ മുഖ്യനും കൂട്ടുകാർക്കും ജോസ് കെ മാണിയോടും കേരള കോൺഗ്രസിനോടുമുള്ള എതിർപ്പ് പകൽപോലെ വ്യക്തമാണ്. ഒരുപക്ഷേ കുട്ടി മാണിയും അവരുടെ പാർട്ടിയും ഇടതുമുന്നണിക്ക് ഒരു തലവേദനയാണെന്ന് മുഖ്യൻ ഇപ്പോഴാകും തിരിച്ചറിഞ്ഞിട്ടുണ്ടാവുക.