കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ പെട്ടവര്‍ക്ക് നല്കിയ ധനസഹായത്തില്‍ നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച നടപടി തിരുത്തുമെന്ന് കേരള ഗ്രാമീണ്‍ബാങ്ക്. ഇഎംഐ തുക ഈടാക്കിയ മൂന്ന് പേരുടെ അക്കൗണ്ടിലേക്ക് പണം തിരികെ അയച്ചിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു.
ബാങ്കിന്റ നടപടിക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെയാണ് നടപടി. ബാങ്കിന്റെ കല്പറ്റ റീജിയണല്‍ ഓഫീസ് യുവജന രാഷ്ട്രീയ സംഘടനകള്‍ ഉപരോധിച്ചിരുന്നു.
ദുരിതബാധിതപ്രദേശങ്ങളിലെ തോട്ടംതൊഴിലാളികള്‍ ഉള്‍പ്പടെ കൂടുതല്‍ പേരില്‍നിന്ന് പണം പിടിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. എന്നാല്‍, മൂന്ന് പേരുടെ ഇഎംഐ മാത്രം തിരിച്ചുനല്‍കി ആളുകളെ കബളിപ്പിക്കുകയാണെന്ന് പ്രതിഷേധം നടത്തുന്ന യുവജന സംഘടനകള്‍ ആരോപിച്ചു.
ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായമായ പതിനായിരം രൂപ കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തിയ ഉടനെയാണ് തുക ബാങ്ക് പിടിച്ചത്. ബാങ്ക് വായ്പകള്‍ ഉടനെ തിരിച്ചടയ്ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും സര്‍ക്കാരിന്റെയും ഉറപ്പ് നിലനില്‍ക്കെയാണ് തുക തിരിച്ചുപിടിച്ചത്.