തിരുവനന്തപുരം: ഇന്ത്യയുടെ ടൂറിസം വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പുതിയ പദ്ധതികളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പ്രധാന ഡെസ്റ്റിനേഷനുകളെ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം ഊന്നൽ നൽകണം. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി.
‘കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ അവസരങ്ങളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യണം. നിലവിൽ കേരളം നടപ്പാക്കുന്ന പദ്ധതികൾക്കും ഭാവി പദ്ധതികൾക്കും കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടാകും. സഞ്ചാരികളെ ആകർഷിക്കുന്നതിനായി പുതിയ പദ്ധതികളും നൂതന ഉത്പന്നങ്ങളും നടപ്പാക്കുന്ന കേരളത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഇതിന് തുടർച്ചയുണ്ടാകണം’, അദ്ദേഹം പറഞ്ഞു.
തനത് ടൂറിസം പ്രവർത്തനങ്ങൾക്ക് പുറമേ ബീച്ച്, ആയുർവേദം, വെൽനെസ്, ഹെറിറ്റേജ്, പിൽഗ്രിം, സ്പിരിച്വൽ തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിന് കൂടുതൽ സാധ്യതകളുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.