കൊച്ചി : സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും നിയന്ത്രിക്കുന്നത് മാഫിയാ സംഘങ്ങളാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുന്നതാണ് കേരളത്തെ രക്ഷിക്കാനുള്ള ഏക വഴിയെന്നും കേരള ഡമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി അഡ്വ. അഹമ്മദ് അമ്പലപ്പുഴ അഭിപ്രായപ്പെട്ടു. കേരളാ ഡമോക്രാറ്റിക്ക് വനിതാ ഫോറം എറണാകുളം ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന്-റിയലസ്റ്റേറ്റ് മാഫിയയുടെ പിണിയാളുകളായി പൊലീസ് മാറിയിരിക്കയാണ്. പൊലീസ് കള്ളക്കടത്ത് മാഫിയാസംഘമായി മാറിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി ഒരാഴ്ചയായിട്ടും പ്രതികരിക്കാത്തത് ദുരൂഹമാണ്. “മൗനം വിദ്വാന് ഭൂഷണം” എന്ന ചൊല്ല് തിരുത്തി മൗനം അഴിമതിക്കാര്‍ക്ക് ഭൂഷണം എന്ന തത്വത്തിലാണ് സി പി എം. മുഖ്യമന്ത്രി പിണറായി വിജയന് മാഫിയാ തലവന്മാരുടെ സംരക്ഷകനായി മാറിയിരിക്കയാണ്.
എ ഡി ജി പി എം ആര് അജിത്കുമാര്‍ ആര് എസ് എസ് നേതാവിനെ സന്ദര്‍ശിച്ചത് ആര്‍ക്കുവേണ്ടിയാണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണം. തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പൊലീസ് ഉന്നതന്റെ നേതൃത്വത്തില്‍ പൂരം കലക്കിയെന്ന സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തില്‍ ആഭ്യന്തരവകുപ്പ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്. പോക്സോ കേസടക്കം റിപ്പോര്‍ട്ടിലുണ്ടായിട്ടും അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന വാര്‍ത്ത കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായവര്‍ എത്ര ഉന്നതനാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്നും അഡ്വ. അഹമ്മദ് അമ്പലപ്പുഴ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷനില്‍ മേഴ്സി ജോര്‍ജ് അധ്യക്ഷം വഹിച്ചു. പെമ്പിളെ ഒരുമെ നേതാവ് ജി ഗോമതി മുഖ്യാതിഥിയായിരുന്നു. അഡ്വ.സുജ ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. കെ ഡി പി സംസ്ഥാന ട്രഷറര്‍ സി ബി തോമസ്, സുരേഷ് വേലായുധന്, വേണു കോങ്ങാട്, മന്‍സൂര്‍ റഹ്മാനിയ, നവീന്‍ ശശിധരന്,സുമി ജോസഫ്, എ എം സയ്യിദ്, ബിപിന്‍ മലമേല്‍, സബിത, സബിത, പ്രിയ നിഖില്‍ എന്നിവര്‍ സംസാരിച്ചു.