തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്കാരം ചിട്ടപ്പെടുത്താമെന്ന് ഉറപ്പുമായി കേരള കലാമണ്ഡലം. വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് ഉറപ്പ് നല്കി. നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു.
കലോത്സവവേദികളിലൂടെ സിനിമയിലെത്തിയ നടി 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഇത് ഏറെ വേദനിപ്പിച്ചെന്നും ഇത്രയും വലിയ തുക നല്കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ സൗജന്യമായി അവതരണ ഗാനം പഠിപ്പിക്കാമെന്ന് അറിയിച്ച് കലാമണ്ഡലം രംഗത്തെത്തിയത്.