തിരുവനന്തപുരം: കേരള പോലീസിന്റെ 68-ാ മത് രൂപീകരണ വാർഷികദിനാഘോഷത്തിൽ പോലീസ് സേനയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറയി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരള പോലീസ് എന്ന് പരിപാടി ഉത്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷക്കാലത്തെ സർക്കാരിന്റെ ഭരണത്തിന് കീഴിൽ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് കേരള പോലീസിനെ പരിവർത്തിപ്പിക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 2024 ലെ മികച്ച സേവനം നടത്തിയ 264 പോലീസ് ഉദ്യോഗസ്ഥർക്ക് മെഡലുകൾ നൽകി ആദരിച്ചു.
പ്രശ്നപരിഹാരത്തിനായി ഭയമില്ലാതെ കടന്നു ചെല്ലാവുന്നതും ആർക്കും ഏത് സമയവും ആശ്രയിക്കാവുന്നതുമായ ഇടമായി കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മാറി. ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളും വനിതാ – വയോജന – ശിശു സൗഹൃദ സ്റ്റേഷനുകളായിമാറി. ജനകീയസേന എന്ന നിലയിലേക്കുള്ള പോലീസിന്റെ വളർച്ചയാണ് കഴിഞ്ഞ 68 വർഷം കൊണ്ട് ഉണ്ടായിട്ടുള്ളത്.
പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടിയിലെ പോലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ കേരള പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. എ.എസ്.പി അഞ്ജലി ഭാവനയും കെ.എ.പി. II ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് പ്രമോദ് വിയും പരേഡിന് നേതൃത്വം നൽകി.