തിരുവന്തപുരത്ത് മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി അമ്മ. കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നാണ് പ്രതിയായ പ്രജിന്റെ അമ്മ വെളിപ്പെടുത്തിയത്. കൂടാതെ കഴിഞ്ഞ ഏഴ് വർഷത്തിലധികമായി മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്ന് അമ്മ പറയുന്നു.
കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത് എന്നും മുറിയിൽ നിന്നും ‘ഓം’ പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു എന്നും അമ്മ വെളിപ്പെടുത്തി. മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകൻ ജയിലിൽ നിന്നും പുറത്തു വന്നാൽ തന്നെയും കൊല്ലുമെന്ന് ജോസിൻ്റെ ഭാര്യ സുഷമ പറഞ്ഞു.
കിളിയൂരിൽ ചരുവിളയിൽ ട്രേഡേഴ്സ് ഉടമ ജോസാണ് മകൻ പ്രജിന്റെ വെട്ടേറ്റു മരിച്ചത്. ജോസിന്റെ മൃതദേഹം അടുക്കളയിലായിരുന്നു കിടന്നിരുന്നത്. സ്വതന്ത്രമായി ജീവിക്കാൻ തന്നെ വീട്ടുകാർ അനുവദിക്കുന്നില്ല എന്നാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രജിൻ പൊലീസിനോട് പറഞ്ഞത്.