വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയതോടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ ട്രോളി സോഷ്യല്‍ മീഡിയ. മന്ദാന ഇന്ത്യന്‍ വനിതാ ടീമിലെ ‘കെ എല്‍ രാഹുലെ’ന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം.
ലോകകപ്പ് പോലുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം മന്ദാനയുടെയും കെ എല്‍ രാഹുലിന്റെയും ഇന്നിങ്സുകളാണ്. ഇരുവരും വിജയിക്കണമെന്ന ഉദ്ദേശത്തോടെയല്ല കളിക്കുന്നതെന്നുമെല്ലാമാണ് ചിലര്‍ ആരോപിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരെ ഒന്‍പത് റണ്‍സ് പരാജയം വഴങ്ങിയ മത്സരത്തില്‍ ഓപ്പണറായി ക്രീസിലെത്തിയ മന്ദാന 12 പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള രാഹുലിന്റെ ഇന്നിങ്സുമായി വിമര്‍ശകര്‍ മന്ദാനയെ താരതമ്യം ചെയ്യുകയാണ്. അന്ന് 107 പന്തില്‍ ഒരു ബൗണ്ടറി സഹിതം 66 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നല്‍കിയാണ് രാഹുലിന്റെ മടക്കം.