കേരള ചരിത്രത്തിലെ ഒരു പ്രധാന രാഷ്ട്രീയ അഴിമതിയുടെ സ്മാരകമാണ് മരണാസന്നമായ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി. 2011 ഫെബ്രുവരി 2 ന് കേരള സർക്കാരും ദുബായി കമ്പനിയും തമ്മിലുണ്ടാക്കിയ കരാർ ഒരു റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു. കൊച്ചിയിലെ കാക്കനാട് സർക്കാർ അക്വയർ ചെയ്ത കണ്ണായ സ്ഥലത്തെ 246 ഏക്കർ ഭൂമി തുച്ഛമായ വിലയ്ക്കാണ് ടീകോം കമ്പനിക്ക് കുത്തക പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സർക്കാരിന് സംയുക്ത സംരംഭത്തിൽ 16 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണ് ലഭിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
പ്രവർത്തനം നിലച്ചു കൊണ്ടിരിക്കുന്ന കൊച്ചി സ്മാർട്ട് സിറ്റിയെ സർക്കാർ അധീനതയിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രായോഗികമല്ല. 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിയ്ക്ക് ഭീമമായ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ സർക്കാർ നൽകിയ ഭൂമി തിരിച്ചെടുക്കാനാവൂ. ഒരു നിയമ യുദ്ധത്തിന് പോയാൽ എത്ര കാലം കഴിഞ്ഞാണ് തീരുമാനമുണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഒരു സമിതി രൂപീകരിച്ചതല്ലാതെ എന്തു ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ഒരു വ്യക്തതയുമില്ലെന്ന് ചെറിയാൻ ഫിലിപ്പ് വിമർശിച്ചു.

2011-ൽ സ്മാർട്ട്സിറ്റി സംയുക്ത കമ്പനി പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളുടെ അഞ്ചു ശതമാനം പോലും നടപ്പായിട്ടില്ല. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒമ്പതിനായിരം പേർക്കു മാത്രമാണ് സ്ഥിരമായോ ഭാഗികമായോ തൊഴിൽ ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാക്കനാട്ടെ സർക്കാരിന്റെ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റിയുടെ ഭാഗമാക്കാനുള്ള ആദ്യ തീരുമാനം മാധ്യമ പ്രതിഷേധത്തെ തുടർന്നാണ് മാറ്റിയത്. തിരുവനന്തപുരത്തെ ടെക്നോപാർക്ക് രണ്ടു പതിറ്റാണ്ടിനുള്ളിൽ ഘട്ടം ഘട്ടമായി വികസിപ്പിച്ചെങ്കിലും സ്മാർട്ട് സിറ്റി വന്നതോടെ കൊച്ചി ഇൻഫോപാർക്കിന്റെ വികസനം സർക്കാർ ബോധപൂർവം മരവിപ്പിക്കുകയാണുണ്ടായതെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
16 ശതമാനം മാത്രം ഓഹരി പങ്കാളിത്തമുള്ള കേരള സർക്കാരിന് സ്മാർട്ട് സിറ്റി ഭരണ സമിതിയിൽ വേണ്ടത്ര നിയന്ത്രണാധികാരമില്ല. ടീകോം കമ്പനിയുടെയും മാതൃകമ്പനിയായ ദുബായ് ഹോൾഡിംഗ്സിന്റെയും ഉടമസ്ഥതയിലും നേതൃത്വത്തിലും ഇതിനകം മാറ്റമുണ്ടായിട്ടുണ്ട്. കൊച്ചി സ്മാർട്ട് സിറ്റിയുടെ കാര്യത്തിൽ സർക്കാർ വെറും കാഴ്ചക്കാരൻ മാത്രമായതിനാൽ മുതൽ മുടക്കാൻ പുതിയ കമ്പനികൾ വിമുഖത കാട്ടുകയാണ്. 246 ഏക്കർ സ്ഥലത്ത് കാടു പിടിച്ചു കിടക്കുന്ന സ്വപ്ന പദ്ധതി ഇനിയും സ്വപ്നത്തിൽ മാത്രം തുടരുമ്പോൾ അഴിമതിയിൽ പങ്കാളികളായ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ സ്വപ്നം മാത്രമാണ് പൂവണിഞ്ഞതെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.