കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും സജീവ ചര്‍ച്ചയായതോടെ പ്രതിരോധത്തിലായി ബിജെപി. തൃശൂര്‍ പാര്‍ട്ടി ഓഫീസിലെ മുന്‍ സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലുകളാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ പണിയായിരിക്കുന്നത്. ആറ് ചാക്കുകളിലായി അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍ ബിജെപി ഓഫീസിലേക്ക് എത്തിയെന്നാണ് സതീഷ് തുറന്ന് പറഞ്ഞത്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
പണം കൊണ്ടുവന്ന ധര്മരാജന് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തതും പണത്തിന് കാവലിരുന്നതും താനാണെന്ന് സതീഷ് തുറന്ന് സമ്മതിക്കുന്നു. ഇതില്‍ ഉറച്ച് നില്ക്കുന്ന അദ്ദേഹം ഇക്കാര്യങ്ങള്‍ തെളിവ് സഹിതം പൊലീസിന് മുന്നില്‍ ആവര്‍ത്തിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.
സതീഷിനെ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും ആരോ വിലയ്ക്കെടുത്ത് പറയിപ്പിക്കുതാണെന്നുമാണ് തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ പറഞ്ഞത്. അങ്ങനെ നിസാരമായി എന്തെങ്കിലും പറഞ്ഞ് തള്ളിക്കളയാവുന്ന കാര്യമല്ല ഇത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് നാള് മുന്‍പ് കൊടകരയില്‍ ഒരു വാഹനാപകടം സൃഷ്ടിച്ച് കാറില്‍ നിന്നും കോടികള്‍ കവര്‍ച്ച ചെയ്തത് കെട്ടുകഥയല്ല. സംഭവത്തില്‍ 23 പേരെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിവാദം വീണ്ടും ഉയര്‍ന്ന് വന്നതില്‍ ഗൂഢാലോചന ആരോപിക്കുകയാണ് ബിജെപി നേതാക്കള്‍. തങ്ങള്‍ വിജയിക്കുമൈന്ന് ഉറപ്പായപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും കാട്ടിക്കൂട്ടുന്ന ഗിമ്മിക്കുകളാണെന്നാണ് മറുപടി. വിജയ സാധ്യത അവിടെ നില്ക്കട്ടെ, ഒരു വിഷയം ഉയര്‍ന്ന് വന്നാല്‍ തെരഞ്ഞെടുപ്പ് ഘട്ടമായാല്‍ അത് ചര്‍ച്ചയാക്കേണ്ട എന്നതാണോ ബിജെപി നയം.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെയാണ് അത് ചര്‍ച്ചയാക്കേണ്ടത്. കാരണം നാളുകളായി തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍തോതില്‍ പണം ഒഴുക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ ഉപതെരഞ്ഞെടുപ്പുകളിലും അതില്ലെന്ന് ആര് കണ്ടു.
തുടരന്വേഷണം വേണമെന്ന് കുറ്റപത്രത്തില്‍ പൊലീസ് തന്നെ പറയുന്നുണ്ട്. ബിജെപി നേതാക്കളുടെ പങ്ക് കുറ്റപത്രത്തില്‍ വ്യക്തമാണ്. ധര്മരാജന് ഹവാല ഏജന്റാണെന്നും ബംഗളുരുവില്‍ നിന്ന് എത്തിച്ചത് മൂന്ന് കോടി രൂപയെന്നും ഇഡി, ഐടി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അന്ന് ധര്മരാജന് പൊലീസിന് കൊടുത്ത മൊഴിയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെയാണ്. തൃശൂര്‍ ബിജെപി ജില്ലാക്കമ്മറ്റി ഓഫീസില്‍ എത്തിച്ചത് 6.3 കോടി രൂപ. പണം ഏറ്റുവാങ്ങിയത് അന്നത്തെ ട്രഷറര്‍ സുജയ് സേനനാണ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം എത്തിച്ചു.
കെ സുരേന്ദ്രനുമായുള്ള അടുത്ത ബന്ധം ധര്മരാജന് മൊഴിയില്‍ സമ്മതിക്കുന്നുണ്ട്. സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നെന്ന് ധര്മരാജന് പറയുന്നു. കൊടകരയില്‍ വെച്ച് പണം നഷ്ടമായതിന് പിന്നാലെ സുരേന്ദ്രന് വിളിച്ചെന്നും മൊഴിയിലുണ്ട്.
വിഷയത്തിലെ അന്വേഷണം സംബന്ധിച്ച് അന്ന് മുതലേ സംശങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കെ സുരേന്ദ്രനെ രക്ഷിക്കാന്‍ സിപിഐഎം-ബിജെപി ഡീല്‍ എന്നതാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൊടകര കണ്ടില്ലെന്ന് നടിക്കാന്‍ സിപിഐഎമ്മിനെ പ്രേരിപ്പിച്ചത് കരുവന്നൂരാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നും ഡീല്‍ ആരോപണങ്ങള്‍ മൂന്ന് പാര്‍ട്ടികളും പരസ്പരം ഉന്നയിക്കുകയാണ്.
പുനരന്വേഷണം ആവശ്യപ്പെടുന്ന സിപിഐഎമ്മിനോട് ആദ്യ അന്വേഷണത്തിന് എന്ത് സംഭവിച്ചു എന്നാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്. കേസില്‍ ഇഡി ഇടപെടാത്തതിനെ കുറിച്ച് കോണ്‍ഗ്രസ് മിണ്ടാത്തത് ചൂണ്ടിക്കാട്ടിയാണ് സിപിഐഎമ്മിന്റെ ആരോപണമുന. ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നില്‍ കോണ്‍ഗ്രസ്-സിപിഐഎം ഗൂഢാലോചനയെന്നാണ് ബിജെപിയുടെ നിലപാട്.
ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്നാണും തന്റെ കൈകള്‍ ശുദ്ധമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറയുന്നു. വെളിപ്പെടുത്തല്‍ നടത്തിയ സതീശന് പിന്നില്‍ താനാണെന്ന ആരോപണങ്ങളോട് ശോഭ സുരേന്ദ്രന് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ആരോപണം ഉന്നയിച്ച് തന്നെ വീട്ടിലിരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും കേരള രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ എളുപ്പമല്ലെന്നുമാണ് ശോഭയുടെ വാക്കുകള്‍.
എന്തായാലും പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ ഇതിനോടകം കൊടകര കുഴല്‍പ്പണക്കേസിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. അത് ബിജെപിയെ ചെറുതല്ലാത്ത രീതിയില്‍ പ്രതിരോധത്തിലാക്കുന്നുമുണ്ട്.