കൊല്‍ക്കത്ത: ആര്.ജി കര് മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനുപിന്നില്‍ നിരവധി പേരുണ്ടാകാമെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടറുടെ മാതാപിതാക്കള്‍. കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ പേരുകള്‍ അവര്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടാകാമെന്നാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്.അതിനിടെ, സംശയമുള്ള 30 ഓളംപേരെ ചോദ്യംചെയ്തുവരികയാണെന്ന് സിബിഐ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി അധികൃതരും പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരെയാണ് ചോദ്യംചെയ്യുന്നത്.
അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തിലാണ്. രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ.) പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഒ.പി. വിഭാഗം ബഹിഷ്കരിക്കും. എന്നാല്‍, അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയകളും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും
റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ആര്.ഡി.എ.), ഫെഡറേഷന് ഓഫ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ഫോര്‍ഡ) എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള വിവിധ മെഡിക്കല്‍ അസോസിയേഷനുകളില്‍നിന്നും സംഘടനകളില്‍നിന്നും ഐ.എം.എ.യ്ക്ക് പിന്തുണയുണ്ട്. സംസ്ഥാനത്തെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഡോക്ടര്‍മാര്‍ക്ക് നഷ്ടപരിഹാരം സംസ്ഥാനസര്‍ക്കാര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടതായി ഐ.എം.എ. സെക്രട്ടറി ജനറല്‍ ഡോ. ആര്.വി. അശോകന് പറഞ്ഞു