കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയത് ചെയർപേഴ്സന്റെ കാറിലാണെന്ന് എഫ്ഐആർ. വനിതാ കൗൺസിലറടക്കം കലയുടെ തട്ടിക്കൊണ്ടു പോകലിന് കൂട്ടുനിന്നുവെന്നും എഫ്ഐആറിൽ പരാമർശിക്കുന്നു. കലാ രാജു വന്ന കാർ തടഞ്ഞത് തട്ടിക്കൊണ്ടു പോകണം എന്ന ഉദ്ദേശത്തോടെയാണെന്നും എഫ് ഐ ആറിൽ പറയുന്നു.
ഏരിയാ സെക്രട്ടറിയടക്കം ചിലർ കൗൺസിലറെ മർദ്ദിച്ചതായി ആരോപണമുണ്ട്. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ ആരോപണങ്ങൾക്കു പിന്നാലെ കൂത്താട്ടുകുളത്ത് ഇന്ന് സി.പി.ഐ.എം വിശദീകരണയോഗം സംഘടിപ്പിക്കുന്നു. കൂത്താട്ടുകുളം നഗരസഭയിലെ സംഭവങ്ങൾക്കു പിന്നാലെ സിപിഎമ്മിനെതിരെ വിമർശനവുമായി കൗൺസിലർ കലാ രാജു രംഗത്തെത്തി. തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സി.പി.എം വാദം നിഷേധിച്ച കലാ രാജു, ഇനി പാർട്ടിയുമായി സംസാരിക്കാനില്ലെന്നും വ്യക്തമാക്കി.
ജീവിതകാലം മുഴുവൻ പാർട്ടിക്കൊപ്പമിരുന്നതിന്റെ പ്രതിഫലമായിട്ടാണ് ഈ സംഭവം തോന്നുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസ് പണം നൽകിയിട്ടുണ്ടെങ്കിൽ തെളിവ് കാണിക്കണമെന്നും, ഒരു പാർട്ടിയിൽ നിന്നു പണം വാങ്ങിയിട്ടില്ലെന്നും കലാ രാജു കൂട്ടിച്ചേർത്തു. കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം അവിശ്വാസപ്രമേയത്തിന്റെ പശ്ചാത്തലത്തിലാണ് ഉയർന്നത്. യുഡിഎഫിന് അനുകൂലമായി കല രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലായതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോകലെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, ലോക്കൽ സെക്രട്ടറി അടക്കം 45 പേരെ പ്രതി ചേർക്കുന്നതിന് പോലീസ് കേസെടുത്തിട്ടുണ്ട്.