കൊച്ചി: എറണാകുളം പൊതുവേ യുഡിഎഫിന് മേൽക്കൈ ഉള്ള ജില്ലയാണ്. ചില മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുപക്ഷത്തിന് സ്വാധീനമുള്ളത്. അതിലൊരു മണ്ഡലമാണ് കോതമംഗലം. കഴിഞ്ഞ രണ്ട് തവണയായി ഇടത് എംഎൽഎമാരാണ് കോതമംഗലത്ത് നിന്നും വിജയിച്ചു കയറുന്നത്. അതേസമയം കോതമംഗലത്ത് കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനവും അത്രമേൽ നേതാക്കളും പ്രവർത്തകരുമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ പരാജയമാണ് യുഡിഎഫ് നേരിടുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ആണ് എന്നതാണ്. മണ്ഡലത്തിൽ തീരെ സ്വാധീനമില്ലാത്ത പാർട്ടിയാണ് പിജെ ജോസഫിന്റെ കേരള കോൺഗ്രസ്. തുറന്നു പറഞ്ഞാൽ പോസ്റ്റർ ഒട്ടിക്കുന്നത് മുതൽ സകലമാന പ്രവർത്തനങ്ങളും നടത്തുന്നത് കോൺഗ്രസ് അണികൾ തന്നെ. യുഡിഎഫിന്റെ മുന്നണി കെട്ടുറപ്പിന്റെ പേരിൽ കോതമംഗലം പോലെ കോൺഗ്രസിന് സ്വാധീനമുള്ള ഒരു മണ്ഡലം തുടർച്ചയായി നഷ്ടപ്പെടുന്നതിന്റെ വിഷമം പൊതുവേ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും മണ്ഡലം തിരികെ പിടിക്കാനുള്ള പരിശ്രമങ്ങളിലാണ് ഇപ്പോൾ കോൺഗ്രസ്.
യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉൾപ്പെടെയുള്ള നേതാക്കളുമായി മണ്ഡലം തിരികെ കോൺഗ്രസിന് നൽകണമെന്ന ആവശ്യം നേതാക്കൾ പങ്കുവെച്ചതായാണ് ലഭിക്കുന്ന വിവരം. തുടർച്ചയായി രണ്ടുതവണ മണ്ഡലത്തിൽ നിന്നും വിജയിച്ചു വരുന്നത് സിപിഎം നേതാവ് കൂടിയായ ആന്റണി ജോൺ ആണ്. യുഡിഎഫിൽ നിന്നും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി മത്സരിച്ചതാകട്ടെ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ ഷിബു തെക്കുംപുറമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു ആന്റണി ജോണിന്റെ വിജയം. ഷിബു തെക്കുംപുറത്തിന് പകരം കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ ആരെങ്കിലുമായിരുന്നെങ്കിൽ മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിക്കാമായിരുന്നുവെന്ന് പൊതുവേ എല്ലാവരും വിലയിരുത്തിയിരുന്നു. ജനങ്ങൾക്കിടയിൽ ഒട്ടും സ്വീകാര്യതയുള്ള നേതാവല്ല അദ്ദേഹം. ഷിബു തെക്കുംപുറം നേതൃത്വം നൽകുന്ന ധനകാര്യ സ്ഥാപനമായ കെഎൽഎം ഒട്ടേറെ വിവാദങ്ങളിൽ പെട്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്നുള്ളത് ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങളായിരുന്നു ഉയർന്നുവന്നിരുന്നത്. 2016ൽ ഷിബു തെക്കുംപുറത്തിന്റെ കെഎല്‍എം ഗ്രൂപ്പ് എന്ന ധനകാര്യസ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 180 കോടിയുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പല നിക്ഷേപങ്ങളും വ്യാജവിലാസത്തിലാണ് നിക്ഷേപിച്ചതെന്നും കണ്ടെത്തി. ഒരുകോടിയില്‍ കൂടുതല്‍ തുക നിക്ഷേപിച്ചവരെ ആദായനികുതിവകുപ്പ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. പണമിടപാടുകളില്‍ സുതാര്യതയില്ലെന്ന് ആദായനികുതിവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് നേതൃത്വവുമായി അടുപ്പമുള്ള പലര്‍ക്കും സ്ഥാപനത്തില്‍ പങ്കാളിത്തവും നിക്ഷേപവും ഉള്ളതായും വാർത്തകൾ പുറത്തുവന്നിരുന്നു. ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ഉൾപ്പെടെ ജനങ്ങൾക്ക് അദ്ദേഹത്തോട് അവമതിപ്പാണ് ഉള്ളത്.
മൈക്രോ ഫിനാൻസ് സംവിധാനത്തിലുള്ള വായ്പകൾ വഴി ജനങ്ങളോട് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണി മുഴക്കുന്നതായി പറയപ്പെടുന്നു. ഇതിനുപുറമേ സർക്കാർ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് നേരെ ഉയർന്നിരുന്നു. കോടതി ഇടപെട്ടായിരുന്നു പിന്നീട് ആ ഭൂമി തിരികെ പിടിക്കുന്നത്. അദ്ദേഹത്തെ ജനങ്ങൾക്ക് ആർക്കും തന്നെ നേരിട്ട് ബന്ധപ്പെടുവാൻ പോലും കഴിയാത്ത സ്ഥിതി ആണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇതേ പരിഭവങ്ങൾ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കും ഉണ്ട്. അടുത്ത തവണ കൂടി മണ്ഡലം കോൺഗ്രസിന് ലഭിച്ചില്ലെങ്കിൽ അത് സംഘടനാപരമായി പാർട്ടിയെ തളർത്തുമെന്ന് നേതാക്കൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഏതു വിധേനയും സമ്മർദ്ദം ചെലുത്തുവാനാണ് പ്രാദേശിക നേതൃത്വം നിലവിൽ ആലോചിക്കുന്നത്. ഇത് മുന്നിൽകണ്ട് പല കോൺഗ്രസ് നേതാക്കളും മണ്ഡലത്തിൽ സജീവമാണ്. പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന് ശക്തി കുറവാണെന്നും അതുകൊണ്ടുതന്നെ ചില സീറ്റുകൾ തിരികെ കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആലോചനകൾ നടക്കുന്നുണ്ട്. അത്തരം ചർച്ചകൾ ഫലപ്രാപ്തിയിലെത്തിയാൽ അടുത്ത തവണ കോതമംഗലത്ത് കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി ഉണ്ടാകും. അങ്ങനെയാകുമ്പോൾ ഉയർന്നു കേൾക്കുന്ന രണ്ട് പ്രധാനപ്പെട്ട പേരുകൾ വീക്ഷണം മാനേജിംഗ് ഡയറക്ടറും എഐസിസി അംഗവുമായ ജയ്സൺ ജോസഫിന്റെയും യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അബിൻ വർക്കിയുടെയും ആണ്. പൊതുവേ ക്രൈസ്തവ വിഭാഗത്തിന് മേൽക്കൈയുള്ള മണ്ഡലത്തിൽ അത്തരം ഘടകങ്ങൾ കൂടി പരിഗണിച്ചാകും കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കുക. മണ്ഡലത്തിലെ ബന്ധങ്ങളും മികച്ച നേതൃപാടവവും ജയ്സണ്‍ സ്ഥാനാർത്ഥിത്വത്തിലേക്ക് ഉള്ള പടിയാണ്. ചെറുപ്പത്തിന്റെ പ്രസരിപ്പാണ് അബിൻ വർക്കിയെ പരിഗണിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം. ചാനൽ ചർച്ചകളിലൂടെയും സമരങ്ങളിലൂടെയും അബിൻ സജീവമാണ്. ഇവർക്ക് പുറമേ ജോസഫ് വാഴക്കൻ ഉൾപ്പെടെയുള്ള ഒട്ടേറെ നേതാക്കളും പരിഗണനയിലുണ്ട്.
കോതമംഗലം നഗരസഭയും കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന,വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോതമംഗലം. കാട്ടാന ശല്യം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ മണ്ഡലത്തിൽ സജീവ ചർച്ചയാണ്. ആനയുടെ ആക്രമണത്തിൽ തുടർച്ചയായി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. സ്ഥലം എംഎൽഎയ്ക്കെതിരെയും സർക്കാരിനെതിരെയും വലിയ തോതിലുള്ള വികാരം ജനങ്ങൾക്കിടയിൽ ഉണ്ട്. കേരള കോൺഗ്രസിനും ഷിബു തെക്കുംപുറത്തിനും ഈ ജനവികാരം വോട്ടുകളാക്കുവാൻ കഴിയില്ലെന്ന ഉറപ്പ് കോൺഗ്രസിനുണ്ട്. ഷിബു തെക്കുംപുറത്തിന്റെ കാശിനോ, അതോ പാർട്ടിയുടെ കെട്ടുറപ്പിന് മുൻപിലോ നേതൃത്വം നിലകൊള്ളുകയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.