തിരുവനന്തപുരം: തൊഴിൽ സമരത്തിന്റെ പന്ത്രണ്ടാം നാൾ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം. പ്രതിഷേധതിനിടെ നടപ്പാതയിലെ ഇന്റർലോക്ക് ടൈലിൽ ഉരുഞ്ഞ് പലരുടേയും കൈമുട്ടുകൾ പൊട്ടി. ചിലർ തലകറങ്ങി വീണു, എന്നിരുന്നാലും സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി സമരക്കാർ കൈയിൽ കർപ്പൂരം കത്തിച്ച് പ്രതിഷേധിക്കും.റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സമരക്കാർ സമരം കടുപ്പിക്കാൻ ഒരുങ്ങുന്നത്.
ഈ മാസം 19ന് അവസാനിക്കുന്ന സിപിഒ റാങ്ക് ലിസ്റ്റിൻറെ കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർഥികളുടെ സമരം.964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 235 പേരെ മാത്രമാണ് നിയമിച്ചത്. അതേസമയം സമരം തുടരുന്ന സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിക്കുകപോലും ചെയ്തിട്ടില്ല.