രാജ്യത്ത് തന്നെ സിപിഎമ്മിന് ഏറ്റവും അധികം ശക്തിയുള്ള പ്രദേശമാണ് കണ്ണൂർ. ഒരുപക്ഷേ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും നിർണായകമായ സ്ഥലം കണ്ണൂർ തന്നെയെന്ന് വേണമെങ്കിൽ പറയാം. ഇന്ന് സർക്കാരിനെയും പാർട്ടിയെയും നയിക്കുന്നത് കണ്ണൂരിലെ സിപിഎം നേതൃത്വം തന്നെയാണ്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തേക്കും സർക്കാരിന്റെ നേതൃസ്ഥാനത്തേക്കും കണ്ണൂരിലെ സഖാക്കളെത്തിയത് ഒരുപാട് പോരാട്ടങ്ങൾ നടത്തിയായിരുന്നു. സ്വന്തം പാർട്ടിയിലെ പലരെയും വെട്ടി വീഴ്ത്തിയാണ് കണ്ണൂർ ലോബി സിപിഎമ്മിന്റെ നേതൃസ്ഥാനങ്ങൾ കയ്യടക്കിയത്. ശക്തമായ ഭരണവിരുദ്ധ തരംഗം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഒരുപക്ഷേ ഭരണം പോലും കൈവിട്ടു പോകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂർ പോലെയുള്ള കോട്ടകൾ കൈവിട്ടു പോകാതെ ഇരിക്കുവാനുള്ള പരമാവധി പരിശ്രമങ്ങൾ സിപിഎം കാട്ടുന്നത്.
ഈ തലമുറയിൽ കേരള രാഷ്ട്രീയത്തിൽ കണ്ണൂർ രാഷ്ട്രീയത്തെ ശ്രദ്ധേയനാക്കിയ നേതാവ് അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു. ഒരേസമയം സൗമ്യനും ഉറച്ച നിലപാടുകളെ പിന്തുടർന്ന ആളുമായിരുന്നു കോടിയേരി. കണ്ണൂർ രാഷ്ട്രീയത്തിനും സിപിഎമ്മിനും കനത്ത നഷ്ടമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് രാഷ്ട്രീയത്തിലും സിപിഎമ്മിലും സജീവമാവുകയാണ് ഇളയ മകൻ ബിനീഷ് കോടിയേരി. ഏറെ വിവാദങ്ങളും കേസുകളും നിറഞ്ഞ ജീവിതമായിരുന്നു ബിനീഷിന്റേത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും വിദേശത്തെ മലയാളിയുടെ കമ്പനിയിൽ വൈസ് പ്രസിഡന്റ് പദവിയും മികച്ച ശമ്പളവും നേടി. പക്ഷേ, മിക്കവാറും സമയം ഇവിടെ തന്നെയായിരുന്നു.
അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും ഏറെ അന്വേഷണങ്ങൾ നടന്നിരുന്നു. ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി ജയിൽവാസം പോലും അനുഭവിക്കുകയുണ്ടായി. പിന്നീട് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എൻ.സി.ബി) ബിനീഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച വിഷയമായിരുന്നു ബിനീഷ് കോടിയേരിയുടെ അറസ്റ്റ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മകൻ ബിനീഷിന്റെ അറസ്റ്റിന്റെ പിന്നാലെ തന്റെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയിരുന്നു. 2020 ഓഗസ്റ്റിലായിരുന്നു ബിനീഷ് കോടിയേരിയുടെ അറസ്റ്റ്. കന്നട സീരിയൽ നടി അനിഖയാണ് മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതി. ബിനീഷിന്റെ സുഹൃത്ത് അനൂപ് രണ്ടാം പ്രതിയായിരുന്നു. തന്നെ കുടുക്കിയ കള്ളപ്പണം വെളുപ്പിക്കൽ കേസിനു പിന്നിൽ ഇന്ത്യയിലെ വലിയൊരു രാഷ്ട്രീയ പാർട്ടിയാണെന്നായിരുന്നു അന്ന് ബിനീഷ് പറഞ്ഞിരുന്നത്. ഭാവി മുഖ്യമന്ത്രിയെന്നു പോലും ഒരുവേള വിശേഷിപ്പിക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്റെ വഴികൾ എക്കാലത്തും വിവാദങ്ങൾ കൊണ്ടു മൂടിയത് ആയിരുന്നു.
അതിന് ഇടവരുത്തിയത് ആകട്ടെ മക്കളും.സിപിഎമ്മിനകത്തെ പ്രതിച്ഛായാ ചർച്ചകളിൽ ബിനീഷ് കോടിയേരി സ്ഥാനമുറപ്പിക്കുന്നത് വർഷങ്ങൾക്കു മുൻപ് കിളിരൂർ കേസിലെ ‘വിഐപി’ വിവാദമുയർന്നപ്പോഴാണ്. പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ പേരിൽ വി.എസ്. അച്യുതാനന്ദൻ നേരിട്ടു പറയാതെ, ഒരു വിഐപിയുടെ പേര് എടുത്തിട്ട്, ബിനീഷിനെ സംശയമുനയിൽ നിർത്തിയതാണ് അന്ന് ആരോപണമായത്. ബെംഗളൂരുവിൽ വിദേശ വനിതയ്ക്കൊപ്പം നിൽക്കുന്ന ബിനീഷിന്റെ ഫോട്ടോ പ്രചരിച്ചതും വിവാദമായി. കടലിൽ കുളിക്കുന്നവനെ ഉപ്പുവെള്ളം കാണിച്ച് പേടിപ്പിക്കരുതെന്നായിരുന്നു ഇതിന് അന്നു ബിനീഷിന്റെ മറുപടി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ബിനീഷ് കുറച്ചുകൂടി കരുത്തൻ ആയിരുന്നു. പുറത്തിറങ്ങിയശേഷം ആദ്യം നടത്തിയ പ്രതികരണം പോലും കൃത്യമായ രാഷ്ട്രീയമായിരുന്നു. പിന്നീടങ്ങോട്ട് നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറയുവാൻ ബിനീഷ് ശ്രദ്ധിച്ചിട്ടുണ്ട്. രാഷ്ട്രീയ വിവാദങ്ങളിലും പ്രതിപക്ഷത്തിനും മറ്റു പാർട്ടികൾക്കും എതിരെ കടുത്ത ഭാഷയിൽ തന്നെയുള്ള വിമർശനമായിരുന്നു ബിനീഷിന്റേത്. അങ്ങനെ വീണ്ടും പാർട്ടിയുടെ വേദികളിൽ ബിനീഷും സജീവസാന്നിധ്യമായി തുടങ്ങി. ഇപ്പോഴിതാ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും ബിനീഷിനെ മത്സരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സിപിഎം 100% വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കണ്ണൂർ.
1965ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എംഎൽഎ മുസ്ലിംലീഗ് സ്വതന്ത്രൻ കെ എം അബൂബക്കറായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്. 67 ൽ ലീഗിലെ ഇ അഹമ്മദ് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 70ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ അഹമ്മദ് എൻ കെ കുമാരനോട് പരാജയപ്പെട്ടു. എന്നാൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കുമാരൻ ലോക്ദൾ സ്ഥാനാർഥി പി ഭാസ്കരനോട് പരാജയപ്പെട്ടു. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥിയായ പി ഭാസ്കരൻ വിജയിച്ചു. എൻ രാമകൃഷ്ണനും കോൺഗ്രസ് എംഎൽഎയായി. മൂന്നുതവണ കെ സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ എ.പി അബ്ദുള്ളക്കുട്ടിയും സഭാംഗമായി. കോൺഗ്രസ് എസ്സിലെ രാമചന്ദ്രൻ കടന്നപ്പള്ളി ആണ് 2021 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇവിടെയാണ് കോൺഗ്രസ് എസിനു മറ്റൊരു സീറ്റ് നൽകി കണ്ണൂരിൽ ബിനീഷിനെ മത്സരിപ്പിക്കുവാൻ പാർട്ടി തയ്യാറെടുക്കുന്നത്. എംഎൽഎ ആക്കുക എന്നതിനപ്പുറത്തേക്ക് സിപിഎമ്മിന് അടുത്ത തലമുറയിലേക്ക് പുതിയൊരു നേതാവിനെ സമ്മാനിക്കുകയാണ് പാർട്ടി. പണ്ടത്തെ തല്ലിപ്പൊളി ബിനീഷിൽ നിന്നും കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് എന്ന നിലയിലേക്ക് അദ്ദേഹവും ഏറെക്കുറെ എത്തിയിരിക്കുന്നു.