തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞു വരികയാണ്. ഒന്നരവർഷത്തിനപ്പുറം വീണ്ടും പോളിംഗ് ബൂത്തിലേക്ക് കേരളമെത്തും. ഏതുവിധേനയും ഭരണത്തുടർച്ചയ്ക്കുള്ള വഴികൾ നോക്കുകയാണ് സിപിഎമ്മും എൽഡിഎഫും. സിപിഎം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ഒട്ടേറെ മാറ്റങ്ങൾ സർക്കാർതലത്തിൽ ഉണ്ടാകും. അവസാന ഒരു വർഷം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കുകയാണ് ലക്ഷ്യം. നിലവിൽ സർക്കാരിനെതിരെ വലിയ തോതിലുള്ള വിമർശനം പൊതു ജനങ്ങൾക്കുണ്ട്.
പ്രധാനമായും വിലക്കയറ്റവും തൊഴിലില്ലായ്മയും സംസ്ഥാനത്ത് അതീവ രൂക്ഷമാണ്. സർക്കാരിന്റെ പല പദ്ധതികളും പൊട്ടിപ്പാളീസായ നിലയിലും ആണ്. പ്രതിപക്ഷം മാത്രമല്ല, ഹൈക്കോടതി പോലും പല ആവർത്തി സർക്കാരിനെ എടുത്തിട്ട് കുടഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ ഗ്രാഫും താഴേക്ക് തന്നെയാണ്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും വ്യാപക വിമർശനമാണ് ഉള്ളത്. ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് അന്വേഷണം നേരിടുന്ന അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്കിയതോടെ സർക്കാരിന്റെ സംഘപരിവാർ ബന്ധം തേടിയുള്ള പ്രതിപക്ഷത്തിന്റെ നീക്കങ്ങളും പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്.
ശമ്പളം മുടങ്ങുന്നത് കാരണവും ക്ഷേമ പദ്ധതികൾ പലതും നിർത്തലാക്കിയതിലും സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരും നിലവിൽ ഭരണപക്ഷത്തിനെതിരാണ്. ഈ നിലയിൽ മുന്നോട്ടുപോയാൽ അടുത്ത തവണ ഭരണം കൈവിട്ടു പോകുമെന്ന തിരിച്ചറിവ് സിപിഎം നേതൃത്വത്തിന് ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുള്ള സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. പിണറായി മന്ത്രിസഭയിൽ ഏറ്റവും അധികം സ്വീകാര്യതയുള്ള മന്ത്രിയും നേതാവുമായിരുന്ന കെ കെ ശൈലജ. കോവിഡ് കാലത്ത് ശൈലജ നടത്തിയ ഇടപെടലുകൾ വലിയ സ്വീകാര്യത നൽകുന്നതായിരുന്നു. രണ്ടാം പിണറായി സർക്കാരിൽ ശൈലജയെ മന്ത്രിസ്ഥാനത്ത് കാണാതെ വന്നപ്പോൾ പാർട്ടി പ്രവർത്തകരും നേതാക്കളും നിരാശരായിരുന്നു.
വടകരയിലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം ശൈലജയുടെ ഇമേജിന് ചെറിയ ഇടിവുണ്ടാക്കിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടന്നുവന്നാൽ അത് ഗുണകരമാകുമെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യയാണ് ശൈലജ. പ്രത്യേകിച്ച് സ്ത്രീകൾക്കും യുവാക്കൾക്കുമിടയിൽ വലിയ സ്വാധീനമാണ് അവർക്കുള്ളത്. കെ കെ ശൈലജയ്ക്ക് ഒപ്പം തന്നെ ഉയർന്നു കേൾക്കുന്ന മറ്റൊരു പേര് നിലവിലെ മന്ത്രി കൂടിയായ മുഹമ്മദ് റിയാസിന്റെ ആണ്. ടൂറിസം പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഒരുപക്ഷേ പിണറായി സർക്കാരിൽ മികവുപുലർത്തുന്ന വകുപ്പുകൾ ഏതെന്ന ചോദ്യത്തിന് ഉത്തരം റിയാസിന്റെ വകുപ്പുകൾ എന്നതാകും. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പിൽ നടന്നത്. സർക്കാരിന്റെ പല പദ്ധതികളും ജനകീയമാക്കുവാൻ റിയാസിന്റെ ഇടപെടലുകൾക്കായി. സർക്കാർ അതിഥി മന്ദിരങ്ങൾ പൊതുജനങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന നിലയിലേക്ക് ജനകീയമാക്കിയത് മുഹമ്മദ് റിയാസ് ആണ്. സുതാര്യമായി നിലയിൽ പൊതുമരാമത്ത് വകുപ്പിന് നയിക്കുന്നതും റിയാസിന്റെ സ്വീകാര്യത വർദ്ധിക്കുന്നതിന് വഴിയൊരുക്കി. യുവജന വിദ്യാർഥി വിഭാഗങ്ങളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. റിയാസിന്റെയും ശൈലജയുടെയും പേര് ഒരേസമയം ഉയർന്നുവന്നാൽ നേതൃത്വം കൂടുതൽ പിന്തുണ നൽകുക മുഹമ്മദ് റിയാസിന് തന്നെയായിരിക്കും. റിയാസിനെ പരിഗണിച്ചാൽ ന്യൂനപക്ഷങ്ങളുടെ പിന്തുണയും സർക്കാരിന് ലഭിക്കുമെന്ന് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ന്യൂനപക്ഷ സമുദായിക സംഘടനകൾ ഉൾപ്പെടെ സിപിഎമ്മിനെതിരായാണ്.
തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ റിയാസിനെ മന്ത്രിയാക്കുന്നത് ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നുവെന്ന തോന്നൽ പൊതുസമൂഹത്തിലും പ്രത്യേകിച്ച് ന്യൂനപക്ഷത്തിനിടയിലും ഉണ്ടാക്കുവാൻ കഴിയുമെന്ന് പാർട്ടി കരുതുന്നു. അതേസമയം, മുഖം മിനുക്കിയുള്ള മുന്നേറ്റങ്ങൾ സംസ്ഥാനത്ത് തുടർഭരണത്തിന് വഴിയൊരുക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.