ഇടതുമുന്നണിയിൽ പുറമേ നിന്ന് നോക്കുമ്പോൾ ആർക്കും തോന്നുക സിപിഎം സർവ്വാധിപത്യത്തോടെ മുന്നണിയെ നയിക്കുന്നു എന്നതാണ്. സിപിഎമ്മിൽ പിണറായി വിജയനാണ് പാർട്ടിയെ നയിക്കുന്നതെന്നാണ് ആർക്കും തോന്നുന്നത്. എന്നാൽ തോന്നലുകൾക്ക് അപ്പുറത്തേക്ക് യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടിയാൽ ഇടതുമുന്നണിയിൽ സിപിഎം ഒറ്റപ്പെടുകയും സിപിഎമ്മിന് ഉള്ളിൽ പിണറായി വിജയൻ ഒറ്റയ്ക്കാവുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. സമീപകാലത്തായി ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾ അപ്രസക്തമാവുകയും സിപിഎം എന്ന ഒറ്റ പാർട്ടിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടത്. വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സർക്കാരിൽ നിന്നും ഘടകക്ഷികൾ അകലം പാലിക്കുകയാണ്.
നിയമസഭയിലും പുറത്തും മുഖ്യമന്ത്രിക്ക് എതിരായി ഉയർന്നുവരുന്ന ആരോപണങ്ങളിൽ മന്ത്രിമാർ പോലും പിണറായി വിജയന് പ്രതിരോധം തീർക്കാഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇടതുമുന്നണി യോഗങ്ങൾ പ്രഹസനമായി മാറുന്നുവെന്നും എല്ലാ തീരുമാനങ്ങളും നിലപാടുകളും സ്വീകരിക്കപ്പെടുന്നത് ഒരു കേന്ദ്രത്തിൽ നിന്നാണെന്നും ഘടകകക്ഷികൾക്ക് ആക്ഷേപമുണ്ട്. പല ഘട്ടങ്ങളിലും ഘടകകക്ഷികൾ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കപ്പെടുവാൻ വിധിക്കപ്പെട്ടവരായും മാറുന്നു. ഇടതുപക്ഷത്തിലെ പ്രധാന ഘടകകക്ഷിയായ സിപിഐ പോലും കാര്യമായി മുന്നണി പ്രവർത്തനങ്ങളിൽ സജീവമല്ല. ചില ഘടകകക്ഷികൾ മുന്നണി വിടാൻ ശ്രമിക്കുന്നതായി മനസ്സിലാക്കി അവരുടെ ശക്തി ഇല്ലാതാക്കുവാൻ ചില ഇടപെടലുകളും സിപിഎം നടത്തുന്നുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് അധികം വൈകാതെ യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറുമെന്ന് സിപിഎം കേന്ദ്രങ്ങൾ കരുതുന്നു. അതുകൊണ്ടുതന്നെ പല ഘട്ടങ്ങളിലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും നേതാക്കൾക്കും എതിരെ സർക്കാരും സിപിഎമ്മും സമീപനങ്ങൾ സ്വീകരിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലായി വനം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സംസ്ഥാന ചെയർമാനും എംപിയുമായ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. പരിഹാസത്തോടെയുള്ള ശശീന്ദ്രന്റെ വിമർശനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നത് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതായത് മാണി ഗ്രൂപ്പ് ഇടതുമുന്നണി വിട്ടാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പറയാതെ പറയുകയാണ്. ശശീന്ദ്രനിലൂടെ പറയിപ്പിക്കുകയും ചെയ്യുകയാണ്. സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ തകർത്തു തരിപ്പണമാക്കി എല്ലാ ശക്തിയും എന്ന ഒറ്റ കേന്ദ്രത്തിലേക്ക് എത്തിക്കുകയാണ് സിപിഎം. എൻസിപിയിലെ ശശീന്ദ്രനെ മാറ്റിനിർത്തിയാൽ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ ഉൾപ്പെടെയുള്ള ആളുകളെ സിപിഎം പൂർണമായും പടിക്ക് പുറത്തു നിർത്തിയിരിക്കുകയാണ്. ഘടകകക്ഷികളിലെ എംഎൽഎമാർ ഉൾപ്പെടെ പലരും ഈ നീക്കങ്ങളിൽ അസ്വസ്ഥരാണെന്നാണ് ലഭിക്കുന്ന വിവരം. ഒരുകാലത്ത് സിപിഐ കേരളത്തിലെ ശക്തിയുള്ള പാർട്ടികളിൽ ഒന്നായിരുന്നു.
എന്നാൽ ഇന്ന് ഇടതുമുന്നണിക്കുള്ളിൽ ശോഷിച്ച ഒരു ഘടകമായി സിപിഐ മാറി. പലയാവർത്തി അവർ അതിജീവനത്തിന് ശ്രമിച്ചപ്പോഴും നിരാശയായിരുന്നു ഫലം. സിപിഐയിലെ ചിലരെങ്കിലും ഇടതുമുന്നണി വിട്ട് ആത്മാഭിമാനത്തോടെ നിലകൊള്ളണമെന്ന അഭിപ്രായമുള്ളവരാണ്. പക്ഷേ അത്തരമൊരു നിലപാട് സ്വീകരിച്ചു ഒറ്റയ്ക്ക് മത്സരിക്കുവാനുള്ള കരുത്ത് ഇന്നത്തെ സിപിഐക്ക് ഇല്ല. അതുകൊണ്ട് ഇങ്ങനെ തട്ടിയും മുട്ടിയും പോകുകയാണ്. മുഖ്യമന്ത്രി സൂപ്പർ നേതാവ് ചമയുന്നതിൽ സിപിഎമ്മിന് ഉള്ളിലും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. സംസ്ഥാന സെക്രട്ടറി ഉണ്ടെന്നിരിക്കെ എംവി ഗോവിന്ദനും മുകളിൽ പാർട്ടിയുടെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന മുഖ്യന്റെ ശൈലി മുതിർന്ന നേതാക്കളിൽ പലർക്കും തീരെ പിടിക്കുന്നതേയില്ല. എംവി ഗോവിന്ദൻ പരസ്യമായി ഒന്നും പറയുന്നില്ലെങ്കിലും അദ്ദേഹത്തിനും ഭിന്നാഭിപ്രായം ഉണ്ടെന്നതാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ പാർട്ടിയുടെ തീരുമാനങ്ങളിൽ ഏറ്റവുമധികം ഇടപെടുന്നത് മന്ത്രി കൂടിയായ മുഹമ്മദ് റിയാസ് ആണ്.
മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിൽ കണ്ണൂർ ലോബിക്ക് പുറത്തേക്ക് മുതിർന്ന നേതാക്കൾ സംഘടിച്ച് ചെറുക്കുവാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. ജി സുധാകരനും തോമസ് ഐസക്കും ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാന സമ്മേളനം കഴിയുന്നതോടെ സജീവമാകുവാനാണ് നീക്കം. പിണറായി വിജയനെ എല്ലാത്തരത്തിലും ഒറ്റപ്പെടുത്തി സിപിഎമ്മിൽ അപ്രസക്തനാക്കുവാനുള്ള നീക്കങ്ങളെ അദ്ദേഹം എങ്ങനെ ചെറുക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.