നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പരസ്യപ്പോര് കടുക്കുന്നു. യുവ നേതാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയും ഐക്യത്തോടെ പാര്‍ട്ടിയെ നയിക്കുന്നതിലെ പരാജയവുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ അവഗണിച്ചെന്നാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ പരിഭവം. നേതൃത്വത്തിന്റെ നിലപാടിലുള്ള അതൃപ്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ചാണ്ടി. പ്രചരണരംഗത്ത് മറ്റെല്ലാവര്‍ക്കും ചുമതല കൊടുത്തെന്നും തനിക്ക് ചുമതല നല്‍കാതെ ഒഴിവാക്കിയെന്നുമാണ് ചാണ്ടി ഉമ്മന്റെ പരാതി.
ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ പാലക്കാടെ ചാണ്ടി ഉമ്മന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയപ്പോള്‍ ചാണ്ടി ഉമ്മന്റെ അസാന്നിധ്യം വാര്‍ത്തകളില്‍ നിറഞ്ഞു. രാഹുലിന്റെ പ്രതികരണത്തിലൂടെ വിഷയം തത്കാലത്തേക്ക് ശമിച്ചെങ്കിലും പിന്നീട് പ്രചരണരംഗത്ത് ചാണ്ടിയെ കാണാത്തത് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു.
അന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് മഹാരാഷ്ട്രയുടെ ചുമതലയുണ്ടെന്നും മാറിനില്ക്കുന്നില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ തന്നെ മറുപടി. വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ പ്രചരണത്തിരക്കും ചാണ്ടി ചൂണ്ടിക്കാട്ടി. വയനാട്ടിലെ വോട്ടെടുപ്പിന് ശേഷം ചുരുങ്ങിയ സമയം ചാണ്ടി പാലക്കാട് പ്രചരണത്തിന് എത്തുകയും ചെയ്തു. എന്നാല്‍ ചാണ്ടി ഉമ്മന്റെ ഇപ്പോഴത്തെ പ്രതികരണത്തിലൂടെ കാര്യമായ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു എന്നാണ് മനസിലാകുന്നത്.
പാര്‍ട്ടിയില്‍ മൊത്തം അസ്വസ്ഥതകളെന്നാണ് മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ പ്രതികരണം. അത് യോഗം വിളിച്ച് പരിഹരിക്കണം. എല്ലാ കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കണം. നേതൃത്വം ശുഷ്കാന്തി കാണിച്ചാല്‍ അസ്വസ്ഥതകള്‍ പരിഹരിക്കാമെന്നും നിലവില്‍ യോഗങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും മുരളീധരന് തുറന്ന് പറയുന്നു.
പാര്‍ട്ടി നേതൃത്വം എല്ലാവരേയും കൂട്ടി യോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകലാണ് നേതൃത്വത്തിന്റെ ചുമതലയെന്നും പറഞ്ഞ് ചെന്നിത്തലയും വിമര്‍ശനമുന്നയിക്കുന്നുണ്ട്. ചാണ്ടി ഉമ്മന്‍ എന്തുകൊണ്ട് ചുമതല നല്‍കിയില്ലെന്ന് അറിയില്ലെന്നാണ് അക്കാര്യത്തിലെ ചെന്നിത്തലയുടെ പ്രതികരണം. മഹാരാഷ്ട്രയില്‍ നിന്ന് എംഎല്‍എമാരെ തിരിച്ച് വിളിച്ച് പാലക്കാട് ചുമതല നല്‍കിയിരുന്ന കാര്യവും ചെന്നിത്തല പറയുന്നുണ്ട്.
അടുത്തിടെയായി ഉയര്‍ന്ന് കേള്‍ക്കുന്ന നേതൃമാറ്റത്തിലും നേതാക്കളുടെ ഭിന്നത പ്രകടമാണ്. സുധാകരന് മാറണമെന്ന് സതീശന് പക്ഷം ആഗ്രഹിക്കുമ്പോള്‍ അത് വേണ്ടെന്നാണ് സതീശന് വിരുദ്ധചേരിയുടെ നിലപാട്. ഇക്കാര്യത്തില്‍ ഗ്രൂപ്പ് ഭേദമന്യേ എല്ലാവരും സുധാകരന് പിന്തുണ നല്കുന്നു. ശശി തരൂരും, മുരളീധരനും ചെന്നിത്തലയും ചാണ്ടി ഉമ്മനും സുധാകരനെ മാറ്റേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇതിനൊക്കെ ഇടയിലാണ് കണ്ണൂര്‍ മാടായി മെഡിക്കല്‍ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് കോളേജ് ചെയര്മാന് കൂടിയായ കോഴിക്കോട് എംപി എംകെ രാഘവനെതിരെ അവിടുത്തെ പാര്ട്ടിക്കാര് തന്നെ കോഴയാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സഹോദരിയുടെ മകനും സിപിഐഎം പ്രവര്‍ത്തകനുമായ കെഎം നിതീഷിന് നിയമനം നല്‍കിയത് കോടികള്‍ വാങ്ങിച്ചാണെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കോളേജില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിഗണന നല്‍കാതെ സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയത് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. രാഘവന്റെ നിലപാടില്‍ പ്രതിഷേധിച്ച് താഴേത്തട്ടില്‍ നേതാക്കളുടെ രാജി തുടരുകയാണ്. നിയമനത്തില്‍ ചട്ടലംഘനം ഇല്ലെന്നാണ് എംകെ രാഘവന്റെ നിലപാട്. ഈ വിഷയത്തില്‍ എങ്ങനെ പരിഹാരം കാണുമെന്നതാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്.
മുതിര്‍ന്ന നേതാവിനെതിരെ പാര്ട്ടിക്കാര് തന്നെ കോഴയാരോപണം ഉന്നയിക്കുക, ആദ്യം ഒപ്പം നിന്ന ഡിസിസി പിന്നീട് എംപിക്കെതിരെ തിരിയുക, കെപിസിസി നേതൃത്വത്തിന് പരാതി നല്‍കുക, ആരോപണങ്ങള്‍ തള്ളിയ എംകെ രാഘവന് ഡിസിസി അധ്യക്ഷനെതിരെ വിമര്‍ശനം ഉന്നയിക്കുക ആകെ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ് കണ്ണൂരിലെ പാര്‍ട്ടി. ഒപ്പം കെപിസിസി നേതൃത്വവും പ്രതിരോധത്തിലാണ്.