പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിന്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോണ്‍ഗ്രസില്‍ പോയി എന്നും ‘മൊഹബത് കാ ദൂക്കാനില്‍’ വലിയ കസേരകള്‍ കിട്ടട്ടെ എന്നും സുരേന്ദ്രന് പരിഹസിച്ചു.
വി ഡി സതീശന് ശ്രീനിവാസന് കൊലപാതകികളുമായി കൂടിക്കാഴ്ച നടത്തിയ ദിനം തന്നെയാണ് ഈ തീരുമാനം സന്ദീപ് എടുത്തത്. സന്ദീപിനെ പോലെ ഒരാളെ കോണ്‍ഗ്രസ് മുറുകെ പിടിക്കണമെന്നും സ്നേഹത്തിന്റെ കടയില്‍ വലിയ കസേരകള്‍ ലഭിക്കട്ടെയെന്നും സുരേന്ദ്രന് പരിഹസിച്ചു.
സന്ദീപിനെതിരെ പാര്‍ട്ടി നേരത്തെയും നടപടിയെടുത്തത് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആയിരുന്നില്ല. അന്ന് അക്കാര്യം പുറത്തു പറയാതിരുന്നത് രാഷ്ട്രീയപാര്‍ട്ടി സ്വീകരിക്കേണ്ട സാമാന്യ മര്യാദയുടെ പുറത്താണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.