പാലക്കാട്: കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയിലെ ‘മിന്നല്‍’ അടക്കമുള്ള ദീര്‍ഘദൂര ബസുകള്‍ സ്വകാര്യപമ്പില്‍നിന്ന് ഇന്ധനമടിക്കേണ്ടെന്ന് കെഎസ്ആര്‍ടിസി. സ്വകാര്യ പമ്പുകളില്‍നിന്ന് ബസുകള്‍ ഡീസല്‍ നിറയ്ക്കുന്നതുവഴി കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമുണ്ടാക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് മന്ത്രി കെ.ബി. ഗണേഷ്കുമാര് നേരിട്ട് ഇടപെട്ട്് നടപടി സ്വീകരിച്ചത്.
പാലക്കാട്ടുനിന്ന് മൂകാംബിക, കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മിന്നല്‍ ബസുകള്‍ക്കും ബംഗളൂരുവിലേക്കുള്ള ഡീലക്സ് ബസിനും പാലക്കാട്ടെ സ്വകാര്യപമ്പില്‍നിന്ന് ഡീസല്‍ നിറയ്ക്കാനാണ് അനുവാദം നല്‍കിയിട്ടുള്ളത്. ഈ ബസുകള്‍ക്ക് ദിവസേന 400 ലിറ്ററോളം ഡീസലാണ് വേണ്ടിവരുന്നത്.ഇതിനുപുറമേ ചിലസമയങ്ങളില്‍ ജില്ലയിലെത്തുന്ന മറ്റ് ദീര്‍ഘദൂര ബസ്സുകള്‍ക്കും പാലക്കാട്ടുനിന്ന് ഇന്ധനം നിറയ്ക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാറുണ്ട്. ഇതടക്കം ദിവസവും 1,000 ലിറ്റര്‍ ഡീസലാണ് സ്വകാര്യപമ്പില്‍നിന്ന് നിറയ്ക്കുന്നത്. ലിറ്ററിന് മൂന്നുരൂപവരെ അധികം നല്‍കിയാണ് ഇത്തരത്തിന് സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത്. ആ ഇനത്തില്‍ ദിവസം 3,000 രൂപയും മാസം 90,000 രൂപയുമാണ് കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയ്ക്ക് നഷ്ടം.
മിന്നല്‍ ബസുകളെ ഒഴിവാക്കിയതോടെ സ്വകാര്യപമ്പില്‍നിന്ന് നിറയ്ക്കുന്ന ഡിസലിന്റെ ആകെ അളവിലും ഗണ്യമായ കുറവുണ്ടായി. ആഴ്ചകള്‍ക്കുമുമ്പ് ഡിപ്പോയിലെ എല്ലാ ബസുകള്‍ക്കുമായി ദിവസം ശരാശരി 3,300 ലിറ്റര്‍ അടിച്ചിരുന്നിടത്ത് ഇപ്പോള്‍ 2,300 ലിറ്ററായി കുറഞ്ഞു.
ഡിപ്പോയില്‍നിന്ന് കോയമ്പത്തൂര്‍, പൊള്ളാച്ചി, നെല്ലിയാമ്പതി, പഴനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇപ്പോഴും സ്വകാര്യ പമ്പില്‍നിന്നാണ് ഡീസല്‍ നിറയ്ക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിഎംഎസും രംഗത്തെത്തിയിരുന്നു.