‘കരിങ്കാളിയല്ലേ’ എന്ന പാട്ട് സ്വന്തം ബ്രാൻഡിന്റെ പരസ്യത്തിനു വേണ്ടി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി നടി നയൻതാരയ്ക്കെതിരെ പാട്ടിന്റെ നിർമാതാക്കൾ രംഗത്ത്. നയൻതാരയുടെ റീൽ പുറത്തുവന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് തങ്ങൾക്കുണ്ടായതെന്ന് നിർമാതാക്കൾ ആരോപിക്കുന്നു.
ഫഹദ് ഫാസിൽ ചിത്രം ആവേശം പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ‘കരിങ്കാളിയല്ലേ’ എന്ന പാട്ടും ട്രെൻഡിങ് ആയത്. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ഈ പാട്ടിനൊപ്പം റീലുകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ നയൻതാര, തന്റെ പുതിയ സംരംഭമായ സാനിറ്ററി നാപ്കിന്റെ പരസ്യത്തിനു വേണ്ടിയാണ് പാട്ട് ഉപയോഗിച്ചത്. അക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാക്കൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.