ജയ്പുർ: രാജ്യത്തെ എൻട്രൻസ് കോച്ചിങിന് പേരുകേട്ട കോട്ടയിലെ ചില വിദ്യാർഥികൾ ആത്മഹത്യ ചെയ്തതിന് കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ശ്രദ്ധയുണ്ടാകണമെന്നും
ചില വിദ്യാർഥികൾ ജീവനൊടുക്കിയത് പ്രണയബന്ധങ്ങൾ കാരണമാണെന്നും മന്ത്രി പറഞ്ഞു. 2025ൽ മാത്രം നാല് വിദ്യാർത്ഥികൾ കോട്ടയിൽ ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
“കുട്ടികൾ എവിടെ പോകുന്നു ഓരോ ദിവസവും എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് ഇക്കാര്യത്തിൽ അറിവുണ്ടാകണമെന്നില്ല. നിയത്രണമില്ലാതാകുമ്പോൾ അവർ വഴി തെറ്റി പോകും. തന്റെ വാക്കുകൾ ചിലർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുമെന്നറിയാം. പഠനത്തിന്റെ പേരിൽ കുട്ടികളുടെ മേൽ സമ്മർദം ചെലുത്താതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഓരോ വിദ്യാർഥിക്കും അവരുടേതായ താത്പര്യമുണ്ട്. അതിന് വിരുദ്ധമായുള്ള ലക്ഷ്യം മറ്റുള്ളവരുടെ സമ്മർദ്ദത്താൽ ഏൽക്കേണ്ടി വരുമ്പോൾ അവർ പരാജയപ്പെടുകയും വിഷാദത്തിലേക്ക് വീഴുകയും ചെയ്യുന്നു”- മദൻ ദിലാവർ പറഞ്ഞു.
2024ൽ 17 വിദ്യാർഥികൾ കോട്ടയിൽ ജീവനൊടുക്കിയതായാണ് റിപ്പോർട്ടുകൾ. പരീക്ഷയുടെ ടെന്ഷനിലാകാം കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് എന്ന നിഗമനത്തിലാണ് പോലീസ്.
Content: Love affairs are the reason for the suicide of students in Kota; Rajasthan Education Minister Madan Dilawar makes a strange claim