സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ തന്നെ തെരഞ്ഞെടുക്കും എന്നതില്‍ ഏറെക്കുറെ ധാരണയായി. കഴിഞ്ഞ ദിവസം ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് എം എ ബേബിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്നായിരുന്നു വിശദീകരണം.
ബേബിയുടെ പേരാണ് പോളിറ്റ് ബ്യൂറോയില്‍ കേരളം മുന്നോട്ട് വെച്ചത്. എന്നാല്‍, അശോക് ധാവ്ളയും പശ്ചിമ ബംഗാള്‍ ഘടകവും ഇതിനെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ പിന്തുണയും ബേബിക്കാണ്. പിബി നിര്‍ദേശമായി കേന്ദ്ര കമ്മിറ്റിയില്‍ വെക്കുന്നതും ബേബിയുടെ പേരാകും. അശോക് ധാവ്ളെ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേര് നിര്‍ദേശിച്ചെങ്കിലും ജനറല്‍ സെക്രട്ടറിയാകാന്‍ ഇല്ലെന്നായിരുന്നു സലീമിന്റെ മറുപടി.
ഒടുവില്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് എം എ ബേബിയെ തന്നെ നിര്‍ദേശിക്കാന്‍ പിബി തീരുമാനിക്കുകയായിരുന്നു. അതേസമയം, ബേബി ജനറല്‍ സെക്രട്ടറി ആയാല്‍ ഇഎംഎസിനു ശേഷം ആദ്യമായായിട്ടാകും കേരള ഘടകത്തില്‍ നിന്ന് ഒരാള്‍ ഏറ്റവും പാര്‍ട്ടിതലപ്പത്ത് എത്തുന്നത്.
പാലക്കാട് കുടുംബവേരുള്ള പ്രകാശ് കാരാട്ട്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നുവെങ്കിലും കാരാട്ടിന് മലയാളിയെന്ന പരിഗണന ഉണ്ടായിരുന്നില്ല. കേരളത്തിലെ പാര്‍ട്ടി ഘടകത്തില്‍ പ്രവര്‍ത്തിക്കുകയോ, കേരളത്തിലെ പാര്‍ട്ടി മേല്‍വിലാസത്തില്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വന്ന നേതാവായിരുന്നില്ല പ്രകാശ് കാരാട്ട്.
2012 മുതല്‍ പി ബിയില്‍ തുടരുന്ന സീനിയര്‍ നേതാവാണ് എം എ ബേബി.ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് എം എ ബേബി. പാര്‍ട്ടിയുടെ ബുദ്ധിജീവി മുഖങ്ങളില്‍ പ്രമുഖനാണ് ബേബി. ഇതെല്ലാം ബേബിയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ കണക്കുകള്‍ പരിഗണിച്ചാല്‍ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ ഘടകം കേരളമാണെന്നതും ബേബിയെ പരിഗണിക്കാന്‍ കാരണമായി.
2005 ല്‍ പിബിയില്‍ എത്തിയ ബി വി രാഘവലു മാത്രമാണ് ബേബിയേക്കാള്‍ സീനിയോറിറ്റി ഉള്ള ഏക നേതാവ്. പാര്‍ട്ടി ദുര്‍ബലമായ ആന്ധ്രയില്‍ നിന്ന് വരുന്ന രാഘവലു ദേശിയ തലത്തില്‍ കാര്യമായ സാന്നിധ്യമല്ല. ആന്ധ്രയിലെയും തെലങ്കാനയിലെയും സംഘടന പ്രശ്നങ്ങളില്‍ ആരോപണ വിധേയനായ രാഘവലു ഇടക്ക് പിബി അംഗത്വം രാജിവെച്ചിരുന്നു. എന്നാല്‍ വിവാദം ഒഴിവാക്കാന്‍ നേതാക്കള്‍ ഇടപെട്ട് രാജി പിന്‍വലിപ്പിക്കുകയായിരുന്നു.
രാഘവലു കഴിഞ്ഞാല്‍ പിബി അംഗവും കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയുമായ അശോക് ധാവ്ള ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
അതേസമയം മുഖ്യമന്ത്രിപിണറായി വിജയന്റെ പിന്തുണ ഏറെക്കുറെ ഉറപ്പുവരുത്തിയ മട്ടിലാണ് എം എ ബേബി. മുഖ്യമന്ത്രിയുടെ മകള്‍ വീണക്ക് എതിരായ മാസപ്പടി കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കിയ സംഭവത്തില്‍ ഇന്ന് ബേബി ആഞ്ഞടിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുഖ്യമന്ത്രിയുടെ പിന്തുണ തേടിയുള്ള പ്രതികരണമാണ് ബേബി നടത്തിയതെന്ന് ഏറെക്കുറെ വ്യക്തമാണ്.
മുഖ്യമന്ത്രിയുടെ എതിര്‍പ്പ് വന്നാലും ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ ബദല്‍ നീക്കവും നടക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയിലും മറ്റ് സംസ്ഥാന ഘടകങ്ങള്‍ക്കിടയിലും ആശയ വിനിമയം സജീവമാണ്. എന്നാല്‍, മുഖ്യമന്ത്രി ബേബിയുടെ ജനറല്‍ സെക്രട്ടറി ആയുള്ള കടന്നുവരവിനെ എതിര്‍ത്താല്‍ കേരളത്തിലെ പാര്‍ട്ടിയില്‍ വലിയ ചേരിതിരിവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഏതായാലും മകള്‍ക്കെതിരായ മാസപ്പടി കേസിലെ അന്വേഷണം ഒക്കെ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പിണറായി ഏതെങ്കിലും വിഭാഗീയ നീക്കത്തിന് ശ്രമം നടത്തുമെന്ന് ആരും കരുതുന്നില്ല. സമീപകാലത്ത് എം എ ഉള്‍പ്പെടെയുള്ളവര്‍ പിണറായി വിജയനെതിരായ ഒരു നീക്കം നടത്തിയിരുന്നു. ഒരുപക്ഷേ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍നിന്നും പിണറായി വിജയനെ മാറ്റിനിര്‍ത്തുവാന്‍ നടത്തിയ പിന്നാമ്പുറ കളികളില്‍ ബേബിയും ഉണ്ടായിരുന്നു.
ഇത് സംബന്ധിച്ച കൃത്യമായ ധാരണ പിണറായി വിജയനുമുണ്ട്. എന്നാല്‍ ജനറല്‍ സെക്രട്ടറി ആയാലും ബേബി തനിക്കു മുന്പില് വിധേയനായി നില്‍ക്കുമെന്ന് പിണറായി വിജയന് കരുതുന്നു. രാജ്യത്ത് സിപിഎം അധികാരത്തിലുള്ള ഏക സംസ്ഥാനം കേരളമാണ്. ആ കേരളത്തില്‍ നിന്നും ജനറല്‍ സെക്രട്ടറിയായി ഉയര്‍ന്നു വരുമ്പോള്‍ എംഎ ബേബിക്ക് തിളങ്ങുവാന്‍ ഏറെ സാധ്യതകള്‍ ഉണ്ട്. പോളിറ്റ് ബ്യൂറോ അംഗമായിരുന്നു എങ്കിലും കുറച്ചുകാലമായി രാഷ്ട്രീയത്തില്‍ സ്ഥിരം സാന്നിധ്യം ഒന്നും ആയിരുന്നില്ല എം എ ബേബി. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി കൂടുതല്‍ കരുത്തോടെ സജീവമാകുവാന്‍ തയ്യാറെടുക്കുകയാണ് ബേബി. മറ്റ് അത്ഭുതങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എം എ ബേബി തന്നെ നയിക്കും.