കേരളത്തിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്. മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ പ്രഭാഷണ പര്യടനം നടത്തി തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി ജയരാജന് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് പി ജയരാജന് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമം നടന്നുവെന്നും പി ജയരാജന് വ്യക്തമാക്കി.