ചെന്നൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരായ പരാമർശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റാൻഡ്അപ്പ് കോമേഡിയൻ കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.
കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിന്റെ അറസ്റ്റ് ഭയക്കുന്നുവെന്ന ഹാജരോടെയാണ് കമ്ര ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുന്ദർ മോഹൻ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹർജിയിൽ വിധി പ്രസ്താവിച്ചത്. വില്ലുപുരം ജില്ലയിലെ വാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിനെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ബോണ്ട് നൽകണമെന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിച്ചു.
കുനാൽ കമ്ര, മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി ക്ലബിൽ ഷിൻഡെയെ ‘ഗദ്ദാർ’ എന്ന് പരാമർശിച്ചുകൊണ്ട് ഒരു പാരഡി ഗാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ശിവസേന അനുയായികൾ പ്രതിഷേധിച്ച് ക്ലബ്ബും അതുമായി ബന്ധപ്പെട്ട ഹോട്ടലും തകർത്തരുന്നു.
കോടതിയിൽ ഹാജരായ കമ്രയുടെ അഭിഭാഷകൻ, ഷോയിലൊന്നും വ്യക്തിപരമായ പരാമർശങ്ങൾ ഉണ്ടായിരുന്നില്ലെന്നും, കമ്ര ഒരു അറിയപ്പെടുന്ന ഹാസ്യതാരമാണെന്നും വാദിച്ചു. കേസിൽ രണ്ടാമത്തെ പ്രതിയ്ക്ക് നോട്ടീസ് അയച്ച കോടതി, അടുത്ത തിയ്യതിയായി ഏപ്രിൽ 7 നിശ്ചയിച്ചു.