പ്രയാഗ് രാജ്: മഹാകുഭമേളയ്ക്ക് തുടക്കമായി. മഹാകുഭമേളയ്ക്കായി ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്ക് കോടിക്കണക്കിനാളുകൾ എത്തുമെന്ന് പ്രതീക്ഷ. കര്‍ശനമായ സുരക്ഷാ നടപടികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനുവരി 14 (മകര സംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി (ബസന്ത് പഞ്ചമി) എന്നിവയില്‍ പ്രധാനപ്പെട്ട ചടങ്ങുകളോടെ മഹാകുംഭമേള ഫെബ്രുവരി 26 ന് സമാപിക്കും. പ്രയാഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ്രാജിൽ പ്രത്യേക ലക്ഷ്വറി ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. 14,000 മുതൽ 45,000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകൾ. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വൻ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിലൂടെ രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാരിന്റെ പ്രതീക്ഷ. മഹാകുംഭത്തില്‍ പങ്കെടുക്കുന്ന വിദേശ വിനോദസഞ്ചാരികള്‍, സമൂഹമാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവര്‍, പത്രപ്രവര്‍ത്തകര്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ടൂറിസം മന്ത്രാലയം ഒരു പ്രത്യേക ടോള്‍ ഫ്രീ ടൂറിസ്റ്റ് ഇന്‍ഫോ ലൈനും സജ്ജമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പത്ത് അന്താരാഷ്ട്ര ഭാഷകളിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ടോള്‍ ഫ്രീ ഇന്‍ഫോലൈന്‍ ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമാണ്. മഹാ കുംഭമേളയെക്കുറിച്ചുള്ള പ്രചാരണത്തിനായി ഒരു പ്രധാന സമൂഹമാധ്യമ പ്രചാരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി രണ്ട്ലക്ഷംകോടിയിലധികമുള്ള വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.