മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി വ്യാമയാന മന്ത്രാലയം. കുംഭമേളയ്ക്ക് പോകുന്നവർക്ക് വിമാന നിരക്കിൽ വലിയ കുറവ് ഉണ്ടാകും. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കെ.രാം മോഹൻ നായിഡു പറഞ്ഞു.
ഇത് സംബന്ധിച്ച് വിമാനകമ്പനികൾക്ക് നിർദേശം നൽകിയതായും വ്യോമയാന മന്ത്രി വ്യക്തമാക്കി. മഹാ കുംഭമേളയുടെ ഭാഗമായി ടിക്കറ്റ് നിരക്കിൽ വലിയ വർധനവാണ് ഉണ്ടായത്. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് പ്രയാഗ്രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വർധിപ്പിച്ചു. ഇതോടെ വിമാനടിക്കറ്റ് നിരക്കിൽ 50 ശതമാനത്തോളം കുറവ് വരുത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരുത്താൻ വിമാന കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകി.