ശബരിമല: ശബരിമലയിൽ തിരുവാഭരണ വിഭൂഷതിനായ അയ്യപ്പനെ കാണാൻ വൻ ഭക്തജന തിരക്ക്. ഇന്നലെ മകരവിളക്ക് ദർശനം പൂർത്തിയാക്കിയവരിൽ ഭൂരിഭാഗംപേരും മലയിറങ്ങി. മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇന്ന് പുലർച്ചെ 3:30 മുതൽ വിർച്വൽ ക്യു സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പമ്പയിൽനിന്ന് കടത്തി വിട്ടത്. സ്പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്കാണ് തുടങ്ങുന്നത്. മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ഭാഗമായി ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു.