ഭ്രമയുഗം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘പ്രേമലു’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ് കഴഞ്ഞ വർഷം ഉണ്ടായത്. 2025 ലും ഇത് തുടരാൻ തന്നെയാണ് മോളിവുഡിന്റെ നീക്കമെന്നത് പല സിനിമകളുടെയും അപ്ഡേറ്റുകളിലൂടെ കണ്ടു. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, 2025-ൽ റിലീസ് ചെയ്യാൻ പോകുന്ന മലയാളം സിനിമകളിൽ ഏവരും കാത്തിരിക്കുന്ന ഒരു സിനിമയാണ് പൃത്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ.ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ പ്രേക്ഷകപ്രീതിയാണ് നേടുന്നത്.മാർച്ച് 27 ണ് ഇറങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായല്ല, പാൻ വേൾഡ് ചിത്രമായാണ് പുറത്തുവരുന്നതെന്നാണ് മോഹൻലാൽ സിനിമയെ കുറിച്ച് പറഞ്ഞത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാർ: ദി വൈൽഡ് സോർസറർ’. റോജിൻ തോമസ് സംവിധാനം ചെയ്ത കത്തനാരിൽ അനുഷ്ക ഷെട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഏപ്രിലോടെ തിയേറ്ററിൽ എത്തുമെന്ന് ഏറ്റവും ഒടുവിലായി വന്ന വിവരം. ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റേച്ചൽ’. ഇറച്ചിവെട്ടുകാരിയായി വളരെ വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ഹണി റോസിനെ കൂടാതെ ബാബുരാജ്, റോഷൻ, കലാഭവൻ ഷാജോൺ, ചന്തു സലീംകുമാർ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം അടുത്ത വർഷം ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗൗതം മേനോൻ മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്റ്റ് 2025 ജനുവരിയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ഗംഭീര ആക്ഷൻ സിനിമയാണിത്. ജനുവരിയോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപോർട്ടുകൾ വരുന്നത്.2018, എആർഎം എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ നായകാനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഐഡന്റിറ്റി. ‘ഐഡന്റിറ്റി’യുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. ഈ ചിത്രവും ജനുവരിയിൽ തന്നെ പ്രദർശനത്തിനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് തരുൺ മൂർത്തിയുടെ തുടരും.മിലി ഡ്രാമ ഴോണറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 2025 ജനുവരി 30ന് തിയറ്ററുകളിൽ എത്തും.