മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. കാലമേറുമ്പോൾ വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് അദ്ദേഹം. നൃത്തവും ഹാസ്യവും ആക്ഷനുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന അഭിനയ വഴക്കം.തുടക്ക കാലത്തെ വില്ലൻ വേഷങ്ങളിൽ നിന്നുള്ള പരിണാമം മലയാള സിനിമയിൽ മോഹൻ ലാലിനായി ഒഴിച്ചിട്ട സിംഹാസനത്തിലേക്കുള്ള യാത്രയായിരുന്നു. സ്വഭാവികാഭിനയത്തിന്റെ തിളക്കം ഏറെയുള്ള കഥാപാത്രങ്ങൾ ചെയ്ത എൺപതുകൾ, ശ്രീനിവാസനും പ്രിയദർശനുമൊപ്പം സൃഷ്ടിച്ച ബ്ലോക്ക് ബസ്റ്ററുകൾ തിളക്കമേറ്റിയ തൊണ്ണൂറുകൾ.

വെള്ളിത്തിരയിൽ ലാലേട്ടൻ അഴിഞ്ഞാടിയ കഥാപാത്രങ്ങൾ തുടരെ തുടരെ വന്നു. തമാശയും ഗൗരവവും മുണ്ട് മടക്കിക്കുത്തലും ആക്ഷനും ഇതിനെല്ലാമുപരി മോഹൻ ലാലിന്റെ പഞ്ച് ഡയലോഗുകളുടെ അകമ്പടിയോടുള്ള കഥാപാത്രങ്ങൾ. നിശബ്ദാഭിനയം കൊണ്ട് പോലും ഹൃദയം കവർന്ന കഥാപാത്രങ്ങൾ. സങ്കീർണ്ണമായ ഭാവപ്രകടനങ്ങൾ പോലും അനായാസേന ആ മുഖത്ത് മിന്നി മറഞ്ഞു. ദൃശ്യവും പുലിമുരുഗനുമെല്ലാം അതിനുദാഹരണങ്ങൾ.

കലയോടുള്ള അടങ്ങാത്ത അഭിനിവേശം സിനിമയുടെ തിരക്കുകൾക്കിടയിലും നാടകത്തിലെത്താനും മോഹൻലാലിനെ പ്രേരിപ്പിച്ചു. ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു.

ഓരോ തവണ പരാജയ ചിത്രങ്ങളുണ്ടാകുമ്പോഴും സ്വയം സ്ഫുടം ചെയ്തെടുത്ത് നവ ഭാവത്തിൽ നമ്മെ വിസ്മയിപ്പിക്കുകയാണ് മോഹൻലാൽ. അമ്പതു വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വിരിഞ്ഞ മോഹൻലാലെന്ന വസന്തം പൊലിമയൊട്ടും കുറയാതെ ഇന്നും ജ്വലിച്ചു നിൽക്കുന്നു.