റയ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ബിജാപൂർ-ദന്തേവാഡാ ജില്ലകളുടെ അതിർത്തിയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സർക്കാർ 25 ലക്ഷം രൂപ തലയ്ക്ക് ഇനം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുക കൊല്ലപ്പെട്ടു. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ സുരക്ഷാസേന നിരവധി ആയുധങ്ങളും കണ്ടെടുത്തു.
രാവിലെ 9 മണിയോടെ മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി നടത്തിയ തെരച്ചിലിനിടെ, അപ്രതീക്ഷിതമായി മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ രേണുക കൊല്ലപ്പെടുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുകയാണ്.
ഈ വർഷം മാത്രം ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 135 ആയി. 2024-ൽ 219 മാവോയിസ്റ്റുകൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഇന്ന് നടന്ന ഏറ്റുമുട്ടലിൽ നിന്ന് ഓട്ടോമാറ്റിക് ഇൻസാസ് റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തു. മേഖലയിൽ സുരക്ഷാ സന്നാഹങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.